ഒഐസിസി പ്രവാസി സേവന കേന്ദ്ര സൌഹൃദ ഈദ് മീറ്റ് സംഘടിപ്പിച്ചു
Thursday, July 23, 2015 8:13 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ബുധനാഴ്ച്ചയും ഇമ്പാല ഗാര്‍ഡന്‍ വില്ലയില്‍ നടത്തി വരാറുള്ള 'പ്രവാസി സേവന കേന്ദ്ര' ഹെല്‍പ്പ്ഡെസ്കില്‍ ഭാരവാഹികള്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു.

റംസാന്‍ കഴിഞ്ഞതിനുശേഷം കൂടുന്ന ഹെല്‍പ്പ് ഡെസ്ക്കില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പരാതിക്കാരെ കാണാന്‍ ഇടയായി. ഇത്തവണയും പുതിയ വീസക്ക് വന്ന് കഷ്ടപ്പെടുന്നവരുടെ പരാതികളാണു കൂടുതല്‍ കാണാന്‍ കഴിഞ്ഞത്. പരാതിക്കാരുടെ പരാതികള്‍ സ്വീകരിച്ചതിനുശേഷം നടത്തിയ സൌഹൃദ ഈദ് മീറ്റ് സംഗമത്തില്‍ വിവിധ ജില്ലാ, ഏരിയ കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

പ്രവാസി വോട്ടവകാശത്തിനെതിരേ സിപിഎം എടുത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പ്രവാസികളോടു കാണിക്കുന്ന ഈ വഞ്ചനാപരമായ നിലപാടിനെതിരെ എല്ലാ ഇന്ത്യന്‍ പ്രവാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും ഈദ് മീറ്റ് സംഗമത്തിന് അധ്യക്ഷത വഹിച്ച ആക്ടിംഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം ആവശ്യപ്പെട്ടു.

പ്രവാസികളെ ഒരു കറവപ്പശുക്കളായി കാണുന്ന സിപിഎമ്മിന്റെ നിലപാട് പ്രവാസികളോട് കാട്ടുന്ന വഞ്ചനയാണെന്നും ജിദ്ദ ഒഐസിസി ഇതിനെതിരെ ശക്തമായി പ്രതിക്ഷേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിദ്ദ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ജനശ്രദ്ധ പിടിച്ചുപറ്റി എന്നും ഒഐസിസിക്കും കോണ്‍ഗ്രസിനും അഭിമാനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പിലൂടെ ജിദ്ദയിലെ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും മാതൃകയാകുന്നതെന്നും വിശിഷ്ട അതിഥിയായെത്തിയ റിയാദ് ഒഐസിസി നേതാവ് സത്താര്‍ കായംകുളം അനുമോദനപ്രസംഗത്തിലൂടെ അറിയിച്ചു.

ഹെല്‍പ്പ് ഡെസ്കിന്റെ വിശദീകരണം ആക്ടിംഗ് കണ്‍വീനര്‍ സലാം പോരുവഴിയും എംബസിയുമായുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ചാരിറ്റി ചെയര്‍മാന്‍ അഷ്റഫ് ദോസ്തും വിശദീകരിച്ചു. ഒഐസിസിയുടെ വിവിധ നേതാക്കളായ ഹാഷിം കോഴിക്കോട്, അക്ബര്‍ കരുമാര, മുജീബ് മൂത്തേടത്ത്, ശ്രീജിത്ത് കണ്ണൂര്‍, മുജീബ് തൃത്താല, വിലാസ് അടൂര്‍, സാദിഖ് കായംകുളം, കുഞ്ഞിമുഹമ്മദ് കൊടശേരി, ബഷീര്‍ പരുത്തികുന്നന്‍, കരീം മണ്ണാര്‍ക്കാട്, അഫ്ഫാന്‍ റഹ്മാന്‍, ഇസ്മായില്‍ കൂരിപ്പോയില്‍, പ്രവീണ്‍ എടക്കാട്, സിദ്ദിഖ് ചോക്കാട്, അബ്ദുറഹ്മാന്‍ പുലപ്പാടി എന്നിവര്‍ ഈദ് ആശംസകള്‍ അറിയിച്ചു. സലാം പോരുവഴി സ്വാഗതവും മുജീബ് തൃത്താല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍