മാര്‍ത്തോമ യുവജനസഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി
Tuesday, July 14, 2015 5:57 AM IST
അബുദാബി: മത സാഹോദര്യത്തിന്റെയും ഉദാത്തമായ മാനവദര്‍ശനത്തിന്റെയും സന്ദേശം നല്‍കുന്ന ഇഫ്താര്‍ വിരുന്നൊരുക്കി അബുദാബി മാര്‍ത്തോമ യുവജനസഖ്യം പ്രവര്‍ത്തകര്‍ ഒരുമയുടെ മധുരം പകര്‍ന്നു.

ആയിരത്തോളം തൊഴിലാളികള്‍ക്കൊപ്പം അല്‍ ഹുസം ലേബര്‍ ക്യാമ്പിലായിരുന്നു സഖ്യം പ്രവര്‍ത്തകരുടെ സ്നേഹ സംഗമം. ഇന്ത്യാക്കാരെ കൂടാതെ അനേകം പാക്കിസ്ഥാനികളും ബംഗ്ളാദേശികളും നേപ്പാളികളും അറബ് വംശജരും ഇഫ്താര്‍ സംഗമത്തില്‍ പങ്കു ചേര്‍ന്നു.

ഇദംപ്രഥമമായാണ് ഒരു ക്രൈസ്തവ യുവജനസംഘടന ഇഫ്താര്‍ വിരുന്നു ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സ്നേഹവിരുന്നിനുശേഷം നടന്ന കലാപരിപാടികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി സഹകരിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള തൊഴിലാളികള്‍ക്കു വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതിക്കു തുടക്കം കുറിക്കുമെന്നു സഖ്യം ഭാരവാഹികള്‍ അറിയിച്ചു.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹവികാരി റവ. ഐസക് മാത്യു, സഖ്യം വൈസ് പ്രസിഡന്റ് വിത്സണ്‍ ടി. വര്‍ഗീസ്, സെക്രട്ടറി സുജിത് വര്‍ഗീസ്, കണ്‍വീനര്‍ ഷെറിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള