ഒഐസിസി ചികിത്സാസഹായം മുഖ്യമന്ത്രി കൈമാറി
Monday, July 6, 2015 7:32 AM IST
ദമാം: അല്‍ ഖോബാറിലെ ദോഹയില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്യവേ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു അല്‍ ഖോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും തുടര്‍ന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് നാവനക്കി സംസാരിക്കാന്‍ ശേഷിയില്ലാതെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്കു മടങ്ങുകയും ചെയ്ത നെടുമങ്ങാട് ചെല്ലംകോട് കുന്നുംപുറത്ത് വീട്ടില്‍ സജീവനു ഒഐസിസി ദമാം റീജണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമാഹരിച്ച ചികിത്സാ ധനസഹായം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സജീവനു കൈമാറി.

ചികിത്സയിലായിരുന്നപ്പോള്‍ നാട്ടിലേക്കു മടങ്ങുന്നതിനു വേണ്ടുന്ന സഹായം നേരത്തെ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയ്തിരുന്നു. സജീവന്റെ നാട്ടിലെ ദയനീയ സ്ഥിതി മനസിലാക്കിയ ഒഐസിസി സജീവനെ നാട്ടിലെ തുടര്‍ചികിത്സയ്ക്കായി സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സജീവന്റെ ഭാര്യ ആമവാതം പിടിപെട്ട് മൂന്നര വര്‍ഷമായി കിടപ്പിലാണ്. ഒഐസിസി സമാഹരിച്ച തുക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് ക്ളിഫ് ഹൌസില്‍ നടന്ന ചടങ്ങില്‍ സജീവനു കൈമാറി. ഒപ്പമുണ്ടായിരുന്ന ഒഐസിസി ദമാം റീജണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ്കുമാര്‍, സജീവന്റെ ദയനീയ സ്ഥിതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

തികച്ചും സഹായം അര്‍ഹിക്കുന്നയാളാണു സജീവനെന്നു മനസിലാക്കിയ മുഖ്യമന്ത്രി, ചികിത്സാസഹായ ഫണ്ടില്‍നിന്നു സജീവനെ സഹായിക്കുവാന്‍ ഉദ്യോഗസ്ഥരോട് തദവസരത്തില്‍ നിര്‍ദേശിക്കുകയും ആവശ്യമായ ചികിത്സാ രേഖകള്‍ ഉടന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നു സജീവനോടൊപ്പമുണ്ടായിരുന്ന അമ്മയോടു പറയുകയും ചെയ്തു.

മകന്റെ ദയനീയ സ്ഥിതി മനസിലാക്കി സഹായിക്കാന്‍ മുന്നോട്ടുവന്ന ഒഐസി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോടും മുഖ്യമന്ത്രിയോടും സജീവന്റെ അമ്മ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം