തൊഴിലാളികളുടെ പ്രശ്നത്തില്‍ തീരുമാനമായില്ല; ഒളിച്ചോടിയതാണെന്നു തൊഴിലുടമ
Monday, July 6, 2015 7:27 AM IST
റിയാദ്: കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബത്ഹയില്‍ വന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായമഭ്യര്‍ഥിച്ച 13 മലയാളികളുള്‍പ്പെടെയുള്ള 48 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇനിയും തീരുമാനമായില്ല.

ശമ്പളമടക്കം എല്ലാ ആനുകൂല്യങ്ങളും സമയാസമയം നല്‍കിയിരുന്നതായും യാതൊരു പ്രകോപനവുമില്ലാതെ കമ്പനിയില്‍നിന്നും അവര്‍ ഒളിച്ചോടിപ്പോന്നതാണെന്നും കമ്പനിയുടമ സാമൂഹ്യപ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ക്കു സഹായം ചെയ്ത് കൊടുക്കരുതെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണു സ്പോണ്‍സര്‍ സാമൂഹ്യപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.

ദമാമിലെ ജോലി അവസാനിച്ചശേഷം തങ്ങളെ നാട്ടിലയയ്ക്കാമെന്നു തൊഴിലുടമ അറിയിച്ചതാണെന്നും എന്നാല്‍ കാലാവധി കഴിഞ്ഞശേഷം റിയാദിലെ മറ്റൊരു കമ്പനിയിലേക്ക് അയയ്ക്കുകയായിരുന്നുവെന്നുമാണു തൊഴിലാളികള്‍ പറഞ്ഞത്. ഇന്ത്യന്‍ എംബസിയിലും ലേബര്‍ ഓഫീസിലും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍