റിയാദ് കെഎംസിസി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കു റംസാന്‍ കിറ്റ് വിതരണം ചെയ്തു
Thursday, July 2, 2015 8:17 AM IST
റിയാദ്: ഡല്‍ഹിയില്‍ വിവിധ ക്യാമ്പുകളില്‍ ദുരിതജീവിതം നയിച്ചു വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് റംസാനില്‍ കെഎംസിസിയുടെ കാരുണ്യ ഹസ്തം. 

ഡല്‍ഹിയിലെ മൂന്ന് ക്യാമ്പുകളിലായി താമസിക്കുന്ന 153 കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ ഭക്ഷണവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹായത്താല്‍ ഡല്‍ഹി കെഎംസിസി വിതരണം ചെയ്തത്.  കാളിന്ദിചഞ്ച് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.വി. അബ്ദുള്‍ വഹാബ് എംപി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, ഡല്‍ഹി കെഎംസിസി ഭാരവാഹികളായ പി.വി. അബ്ദുള്‍ ഖാലിഖ്, കെ.കെ. മുഹമ്മദ് ഹലീം, പി.വി. അഹമ്മദ് സാജു, സലീല്‍ ചെമ്പയില്‍, സയിദ് അലി, ഇസ്മായില്‍ മൂത്തേടം എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടന്നു വരുന്ന റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന റംസാന്‍ കിറ്റ് വിതരണം. 

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി നടത്തി വരുന്ന റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനവും സംഘടിപ്പിച്ചതെന്നും സകരിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് നാസര്‍ മാങ്കാവും ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍