കുവൈറ്റ് ഒഐസിസി യുഡിഎഫിന്റെ വിജയമാഘോഷിച്ചു
Wednesday, July 1, 2015 7:01 AM IST
കുവൈറ്റ്: അരുവിക്കര ഉപതെരഞ്ഞെടുപ്പു വിജയം കുവൈറ്റ് ഒഐസിസി ആഘോഷിച്ചു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയും മധുരവിതരണം നടത്തിയുമാണു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

നാട്ടിലെ ആഹ്ളാദപ്രകടനങ്ങളെ ഓര്‍മിപ്പിക്കും വിധം അബാസിയയിലെ കുവൈറ്റ് ഒഐസിസി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ കൊടിയുയര്‍ത്തുകയും ആഹ്ളാദ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ആഹ്ളാദ പ്രകടനങ്ങള്‍ക്കു വൈസ് പ്രസിഡന്റ് എബി വരിക്കാടിന്റെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം കൊടുത്തു.

എബി വരിക്കാട്, ബി.എസ്. പിള്ള, ചാക്കോ ജോര്‍ജുകുട്ടി, രാജീവ് നടുവിലേമുറി, വര്‍ഗീസ് ജോസഫ് മാരാമണ്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്. ശബരീനാഥനു തെരഞ്ഞെടുപ്പിനു കെട്ടിവയ്ക്കാനുള്ള തുക പിരിച്ചു നല്‍കിയത് കുവൈറ്റ് ഒഐസിസി യൂത്ത് വിംഗ് ആയിരുന്നു. വന്‍ സമ്മേളനം നടത്തിയാണു യൂത്ത് വിംഗ് തുക കൈമാറിയത് കുവൈറ്റിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശബരീനാഥിന്റെയും യുഡിഎഫിന്റെയും വിജയത്തില്‍ പങ്കുചേര്‍ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍