തനിമ മീഡിയ പ്രവര്‍ത്തകര്‍ക്ക് ഇഫ്താര്‍ സംഘടിപ്പിച്ചു
Wednesday, July 1, 2015 6:52 AM IST
അല്‍ഖോബാര്‍: തനിമ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മീഡിയ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു. അല്‍ഖോബാര്‍ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തനിമ കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ സകല മേഖലകളിലും ഫാസിസ്റ് വത്കരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ നേരും നന്മയും മുറുകെപ്പിടിച്ച് സത്യസന്ധതയോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുക എന്ന ശ്രമകരമായ ദൌത്യം നിര്‍വഹിക്കാന്‍ മാധ്യമ മാനേജ്മെന്റുകളും പത്രപ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നു റംസാന്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തോടൊപ്പം സാമൂഹികപ്രവര്‍ത്തനവും നടത്തുന്ന പ്രവിശ്യയിലെ മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. പ്രവിശ്യയിലെ വിവിധ മാധ്യമ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. സാമൂഹിക പ്രാധാന്യമുള്ള വാര്‍ത്തകള്‍ മീഡിയകള്‍ തമസ്കരിച്ചാലും അതു സോഷ്യല്‍ മീഡിയകള്‍ വഴി പുറം ലോകത്ത് എത്തിക്കൊണ്ടിരിക്കുന്നുണ്െടന്ന് പി.ടി. അലവി ചൂണ്ടിക്കാട്ടി. ആരാധനകളടക്കം എല്ലാം യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് ഏറെ പ്രസക്തിയുണ്െടന്ന് എം.എം. നയിം പറഞ്ഞു. മാധ്യമ മാനേജ്മെന്റുകളുടെ തെറ്റായ നിലപാടുകള്‍ക്കും സത്യസന്ധമല്ലാത്ത വാര്‍ത്താരീതികള്‍ക്കും മൂക്കുകയറിടേണ്ട ഉത്തരവാദിത്വം വായനക്കാരും പ്രേക്ഷകരുമായ ജനങ്ങള്‍ക്ക് കൂടിയാണെന്ന് ഇനാമുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ജാതീയത വര്‍ധിച്ചുവരികയാണെന്നും എല്ലാം ജാതീയമായ കണ്ണിലൂടെ നോക്കിക്കാണുന്നതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നും അനില്‍ കുറിച്ചിമുട്ടം അഭിപ്രായപ്പെട്ടു. അലി കളത്തിങ്ങല്‍, സുബൈര്‍ ഉദിനൂര്‍ എന്നിവരും സംസാരിച്ചു. റിയാസ് കൊച്ചി സ്വാഗതവും അലിയാര്‍ പെരുമ്പിലാവ് ഖിറാഅത്തും നടത്തി.