അരുവിക്കര വിജയം യുഡിഎഫിനു ആത്മവിശ്വാസം പകരും: റിയാദ് ഒഐസിസി
Tuesday, June 30, 2015 8:30 AM IST
റിയാദ്: യുഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ശബരീനാഥിന്റെ വിജയമെന്ന് റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഒരിക്കല്‍ക്കൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഒരു സൂചികകൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. കെട്ടിച്ചമച്ച കഥകളും നുണപ്രചാരണങ്ങളുമായി ബിജെപിയും ഇടതുപക്ഷവും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും തോറ്റമ്പിയതില്‍ നിന്നും അവര്‍ പാഠമുള്‍ക്കൊള്ളണമെന്നു തിരുവനന്തപുരം ജില്ലാ ഒഐസിസി പ്രസിഡന്റ് നാസര്‍ കല്ലറ അഭിപ്രായപ്പെട്ടു.

ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ യുഡിഎഫ് നേടിയ സാങ്കേതിക വിജയത്തിനപ്പുറം ബിജെപി പിടിച്ച വോട്ടുകള്‍ കേരളീയ പൊതുസമൂഹത്തെ ആശങ്കയിലാക്കിയതായി നവോദയ റിയാദ് പറഞ്ഞു. കേരളത്തിന്റെ മതേതര മണ്ഡലത്തില്‍ കടന്നു കയറാന്‍ ബിജെപിക്കു കഴിഞ്ഞതും വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ക്കെതിരായ ജനതയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുന്നതും സംസ്ഥാനത്തിന് ഒട്ടും ശുഭസൂചകമല്ല. ഇതു നാടിന്റെ സമാധാനത്തിനും മതേതര ചിന്തക്കും ഭീഷണിയായി തീരുമെന്നും നവോദയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇടതുപക്ഷത്തിനു സ്വാഭാവികമായും ലഭിക്കേണ്ട ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടത് വിജയകുമാറിന്റെ അപ്രതീക്ഷിത പരാജയത്തിനു കാരണമായതായി വസ്തുനിഷ്ഠമായ വിലയിരുത്തലില്‍ ബോധ്യപ്പെട്ടു. ഭരണ സംവിധാനത്തെ ദുര്‍വിനിയോഗം ചെയ്താണു ശബരീനാഥ് വിജയം നേടിയതെന്നും നവോദയ കുറ്റപ്പെടുത്തി.

അരുവിക്കരയിലെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവ് ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ വിജയിപ്പിക്കുക എന്നതിലപ്പുറം ഉമ്മന്‍ ചാണ്ടിയുടെ ജനനന്‍മക്കായുള്ള ഭരണത്തിനു ശക്തി പകരുകകൂടിയാണ് അരുവിക്കരയിലെ വോട്ടര്‍മാര്‍ ചെയ്തതെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര പറഞ്ഞു. അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്ത സലിം കളക്കര ശബരീനാഥിന്റെ വിജയം സുനിശ്ചിതമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ശബരീനാഥിന്റെ വന്‍വിജയം യുഡിഎഫ് സര്‍ക്കാരിന്റെ വികസന വിപ്ളവത്തിനുള്ള അംഗീകാരമാണെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അഹങ്കാരത്തിനും വ്യക്തിഹത്യക്കുമെതിരെ ജനങ്ങളുടെ പ്രതികരണമാണ് അരുവിക്കരയിലെ ജനവിധി എന്നു കെഎംസിസി പറഞ്ഞു. എന്നാല്‍ ബിജെ.പി യുടെ വോട്ട് വര്‍ധിച്ചത് ആശങ്കയുളവാക്കുന്നതായും ഇതു ദൂരവ്യാപകമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് ഭയപ്പെടുന്നതായും കെഎംസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാണ് അരുവിക്കരയില്‍ നടന്നതെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ജനക്ഷേമ പദ്ധതികളും മദ്യനയം അടക്കമുള്ള നടപടികളില്‍ കേരളത്തിലെ വീട്ടമ്മമാര്‍ നല്‍കിയ പിന്തുണയുമാണു ശബരീനാഥിന്റെ വിജയത്തിനു പിന്നിലെന്നും മുഴുവന്‍ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നതായും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

യുഡിഎഫിലെ മുഴുവന്‍ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് അരുവക്കരയില്‍ വോട്ട് തേടിയത്. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളേയും അരുവിക്കരയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും പരാജയം ഏറ്റുവാങ്ങിയിട്ടും നിരര്‍ഥകമായ വാദഗതികള്‍ ഉന്നയിക്കുന്ന കോടിയേരിയുടെ പ്രസ്താവനകള്‍ പരിഹാസ്യമാണെന്നും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍