ഒരുമയുടെ പെരുമയുമായി ഡെന്മാര്‍ക്കിലെ മലയാളിസമൂഹം; 'സൌഹൃദം 2015' ഗംഭീര വിജയം
Monday, June 29, 2015 7:17 AM IST
കോപ്പന്‍ഹാഗന്‍: സമീപകാലത്തു നടന്ന ഏറ്റവും വലിയ മലയാളി സംഗമമായിരുന്നു ഡെന്മാര്‍ക്കിലെ 'സൌഹൃദം 2015'. ഡെന്മാര്‍ക്കിലെ മലയാളികളുടെ കൂട്ടായ്മയെയും സൌഹൃദത്തെയും ഊട്ടിയുണര്‍ത്തിയ സംഗമത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം മലയാളികളും സംബന്ധിച്ചു.

രാവിലെ 10 മുതല്‍ വൈകുന്നേരം വരെ നടന്ന ഒത്തുചേരല്‍ മലയാളികള്‍ക്കു വേറിട്ട അനുഭവമായി. ക്ളാമ്പെന്‍ബോര്‍ഗ് ബീച്ചില്‍ നടന്ന ആഘോഷപരിപാടികള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു നടന്നത്. അതുകൊണ്ട് രാജ്യത്തെ മലയാളികള്‍ ഏറെ ആവേശത്തോടെയാണു പരിപാടിയില്‍ പങ്കെടുത്തതെന്നു മുഖ്യ സംഘാടകനായ ഫാ. എല്‍ദോസ് വട്ടപറമ്പില്‍ പറഞ്ഞു. ഡെന്മാര്‍ക്കിലെ മലയാളികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്െടന്നും 'സൌഹൃദം 2015' പുതിയ ആളുകളെ പരിചയപ്പെടാനും രാജ്യത്തെ മലയാളി സമൂഹം ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കുകയും മുതിര്‍ന്നവരും കുട്ടികളും ഒരുമിച്ചു വിനോദകളികളില്‍ ഏര്‍പ്പെട്ട് സൌഹൃദം പങ്കിടാന്‍ ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഓരോരുത്തരും മടങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍നിന്നു വിവിധ ആവശ്യങ്ങള്‍ക്കായി ഡെന്മാര്‍ക്കിലുള്ള മലയാളികള്‍ തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിര്‍ത്താനും പുതുതലമുറയുമായുള്ള ഐക്യത്തെ പരിപോഷിപ്പിക്കുകയുമായിരുന്നു സംഗമത്തിന്റെ പ്രാധന ലക്ഷ്യം. അത് ഏറെ ഹൃദ്യമാക്കാന്‍ തങ്ങള്‍ക്കു സാധിച്ചതായി മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി മലയാളികളുടെ സംഗമം സംഘടിപ്പിക്കുമെന്നു പരിപാടിക്കു നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി