ജവാസാത്ത് രേഖകള്‍ നവംബര്‍ ഒന്നു മുതല്‍ പോസ്റല്‍ വഴി മാത്രം
Friday, June 19, 2015 8:11 AM IST
ദമാം: നവംബര്‍ ഒന്നു മുതല്‍ ജവാസാത്ത് ഓഫീസുകളിലേക്കു കമ്പനികളുടെ പ്രതിനിധികളെ സേവനങ്ങള്‍ക്കായി പ്രവേശിപ്പിക്കില്ലെന്നു സൌദി ജവാസാത്ത് ടെക്നിക്കല്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖാലിദ് അല്‍ സൈഖാന്‍ അറിയിച്ചു.

നവംബര്‍ ഒന്നു മുതല്‍ വിദേശികളുടെ ഇഖാമ ഉള്‍പ്പെടെയുള്ള രേഖകള്‍ പോസ്റ് ഓഫീസ് വഴിയായിരിക്കും ഉടമസ്ഥര്‍ക്കു എത്തിക്കുക. എന്നാല്‍, സൌദി പോസ്റല്‍ വകുപ്പില്‍നിന്നു തിരിച്ചറിയല്‍ രേഖ നഷ്ടപ്പെടുകയോ, താമസിക്കുകയോ ചെയ്യുന്നതിനു പോസ്റല്‍ വകുപ്പു തന്നെയായിരിക്കും ഉത്തരവാദി.

ജവാസാത്തിന്റെ ഔദ്യോഗിക രേഖകള്‍ ഉടമസ്ഥര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതി ആരംഭിച്ചതു മുതല്‍ ഇതുവവരെ 1,66,000 രേഖകള്‍ ഉടമസ്ഥരുടെ കൈകളില്‍ എത്തിച്ചു. എന്നാല്‍, ഇതുവരെ ഒന്നും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അല്‍ സൈഖാന്‍ പറഞ്ഞു.

48 മണിക്കൂറിനകം ജവാസാത്ത് ഉടമസ്ഥനു രേഖകള്‍ എത്തിച്ചു നല്‍കും. ഇതിനായി 15 റിയാലായിരിക്കും ഈടാക്കുകയെന്നും ജവാസാത്ത് ടെക്നിക്കല്‍ വിഭാഗം മേധാവി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം