സൌദി ക്യുഎച്ച്എല്‍സി രണ്ടാം ഘട്ട പഠന പദ്ധതിക്കു തുടക്കമായി
Thursday, June 18, 2015 6:08 AM IST
റിയാദ്: ഖുര്‍ആന്‍ പഠനത്തോടൊപ്പം ഹദീസ് പഠനത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ട് റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്സിന്റെ രണ്ടാംഘട്ട പഠന പദ്ധതിക്കു തുടക്കമായി.

വിശുദ്ധ ഖുര്‍ആനില്‍നിന്നു സൂറത്തുന്നബഉ (79) മുതല്‍ സൂറത്തു ത്വാരിഖ് (86) വരെയുള്ള സൂറത്തുകളും പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് കിതാബുല്‍ ഇല്‍മുമാണ് (വിജ്ഞാനം) രണ്ടാംഘട്ട പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠന പദ്ധതിയുടെ ഭാഗമായി സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് റഫീഖ് സലഫി (ബുറൈദ) ഇസ്ലാം ഹൌസ്.കോം മലയാളം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി ഉദിനൂരിനു ആദ്യ പ്രതി നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

പക്വതയും സംസ്കാരവും വിശ്വാസദൃഢതയുമുള്ള സമൂഹം രൂപപ്പെടണമെങ്കില്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്ന ദൈവവിശ്വാസത്തെ അംഗീകരിക്കുന്നതിലൂടെയും മുഹമ്മദ് നബിയുടെ ചര്യകളെ അനുധാവനം ചെയ്യുന്നതിലൂടെയും മാത്രമേ സാധിക്കൂ എന്നു പ്രകാശനം നിര്‍വഹിച്ച് റഫീഖ് സലഫി പ്രസ്താവിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ജീവിച്ചിരുന്ന അപരിഷ്കൃതരായ അറബ് ജനതയെ ഉത്തമ പൌരന്മാരാക്കി ഖുര്‍ആന്‍ വളര്‍ത്തിയെങ്കില്‍ ആധുനിക മുസ്ലിം സമൂഹം അന്ധവിശ്വാസങ്ങളിലേക്കും അധമത്വത്തിലേക്കും തിരിച്ചു പോവുന്ന കാഴ്ചയാണു കാണുന്നത്. ഈ അവസ്ഥയില്‍നിന്നു സമുദായത്തെ രക്ഷപ്പെടുത്തണമെങ്കില്‍ ഗൌരവതരമായ ഖുര്‍ആന്‍ ഹദീസ് പഠന സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

ജിഹാദ് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഏറ്റവും വലിയ ജിഹാദ് വിജ്ഞാനം കരഗതമാക്കലാണെന്ന് മനസിലാക്കാന്‍ മുസ്ലിം സമൂഹം തയാറാവണമെന്നു ചടങ്ങില്‍ സംസാരിച്ച അസീസിയ ജാലിയാത്ത് മേധാവി ഷെയ്ഖ് അബ്ദുള്‍ അസീസ് മുഹമ്മദ് അല്‍ശഅലാന്‍ ഉദ്ബോധിപ്പിച്ചു.

ക്യുഎച്ച്എല്‍സി ഒന്നാം ഘട്ട പരീക്ഷയില്‍ റിയാദില്‍ നിന്നും ഉന്നത വിജയം നേടിയ ഫാത്തിമ ഷമീമ, മഅസൂമ പത്തൂര്‍, ഫര്‍ഹാന ഫത്ഹുദ്ദീന്‍, മുനീറ മുഹമ്മദ്, യു.കെ. ഷഹന, ആമിന ഉമര്‍ എന്നിവര്‍ക്ക് ക്യുഎച്ച്എല്‍സി ദേശീയ സമിതിയുടെ സമ്മാനങ്ങള്‍ താജുദ്ദീന്‍ സലഫി വിതരണം ചെയ്തു. റിയാദ് നസീം സലഫി മദ്രസയില്‍നിന്നു സുലൈ മദ്രസത്തു തൌഹീദില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന ദാനം മന്‍സൂര്‍ സലഫി നിര്‍വഹിച്ചു. വി.പി. നൌഫല്‍ മദീനി അധ്യക്ഷത വഹിച്ചു.