ജര്‍മന്‍ അബിറ്റോര്‍ പരീക്ഷ എല്ലാ സംസ്ഥാനങ്ങളിലും ഏകീകരിക്കുന്നു
Thursday, June 18, 2015 5:29 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന അബിറ്റോര്‍ പരീക്ഷ (പ്ളസ്ടു) 2017 മുതല്‍ ഏകീകരിക്കുന്നു. ഇപ്പോള്‍ ഓരോ സംസ്ഥാനത്തും നടത്തുന്ന പരീക്ഷകളിലെ ചോദ്യങ്ങള്‍ വിവിധ തരത്തിലാണ്. ചില സംസ്ഥാനങ്ങളില്‍ വളരെ ലഘുവായ ചോദ്യങ്ങളും, മറ്റുള്ളടത്ത് വളരെ പ്രയാസമുള്ളതുമായ ചോദ്യങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ അബിറ്റോര്‍ പരീക്ഷ ജര്‍മനി ഒട്ടാകെ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന മൂലദണ്ഡമായതുകൊണ്ട് ഇങ്ങനെ പല തരത്തില്‍ നടത്തുന്നതു വിദ്യാര്‍ഥികളോടു കാണിക്കുന്ന കടുത്ത അനീതിയാണെന്ന വാദം അംഗീകരിച്ചാണ് ഇപ്പോള്‍ ഏകീകരിക്കുന്നത്.

ജര്‍മന്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ കോണ്‍ഫറന്‍സിലാണ് ഈ ഏകീകരണ പരീക്ഷാ തീരുമാനം കൈക്കൊണ്ടത്. പ്രത്യേകിച്ചു ജര്‍മന്‍, മാത്തമാറ്റിക്സ്, ഇംഗ്ളീഷ്, ഫ്രഞ്ച് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഒട്ടും വ്യത്യാസം വരാന്‍ പാടില്ല എന്നാണു തീരുമാനം. ഇത് ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങളില്‍ അബിറ്റോര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു ആശ്വാസപ്രദമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍