കെഎംസിസി മെഗാ ഈവന്റിന് ആവേശപൂര്‍വം പരിസമാപ്തി
Monday, June 15, 2015 5:13 AM IST
റിയാദ്: മൂന്നു മാസം നീണ്ടുനിന്ന കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കലാകായിക വൈജ്ഞാനിക സാംസ്കാരികമേളയായ മെഗാ ഈവന്റിനു സമാപനമായി. റിയാദ് അല്‍ ഒവൈദ ഫാം ഹൌസന്റെ തുറന്ന സ്റ്റേജില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റും ഒഡെപെക് ചെയര്‍മാനുമായ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കേരള പഞ്ചായത്ത് സാമൂഹ്യ നിതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ചെയര്‍മാനുമായ പി.വി. മുഹമ്മദ് അരീക്കോട്, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍, സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് എം.ഡി ടി.എം അഹമ്മദ് കോയ, എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് കുഞ്ഞി, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ആക്ടിംഗ് പ്രസിഡന്റ്് നാസര്‍ കാരന്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെഎംസിസി റിയാദ് കമ്മിറ്റി ജന. സെക്രട്ടറി മൊയ്തീന്‍ കോയ എം സ്വാഗതവും സെക്രട്ടറി ജലീല്‍ തിരൂര്‍ നന്ദിയും പറഞ്ഞു. കോ-ഓര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട അവതാരകനായിരുന്നു.

മെഗാ ഈവന്റിനോടനുബന്ധിച്ചു നടന്ന വിവിധ മത്സര പരിപാടികളില്‍ വിജയികളായവര്‍ക്കു സമ്മാനദാനം ചടങ്ങില്‍ നടന്നു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ മാനവ സേവാ പുരസ്കാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യപിക മൈമൂന അബ്ബാസിനും ബിസിനസ് എക്സലന്‍സ് പുരസ്കാരം നാസര്‍ അബൂബക്കറിനും മന്ത്രി എം.കെ മുനീര്‍ സമ്മാനിച്ചു. ഗ്രാന്‍ഡ് ഫിനാലേയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തില്‍ കെഎംസിസിയുടെ വിവിധ യൂണിറ്റുകള്‍ ഒരുക്കിയ കലാ സാംസ്കാരിക സ്റ്റാളുകളും റിയാദ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളൊരുക്കിയ ശാസ്ത്ര വിജ്ഞാന പ്രദര്‍ശനവും ഏറെ പേരെ ആകര്‍ഷിച്ചു.

കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച മൈലാഞ്ചിയിടല്‍ മത്സരവും സമീര്‍ പോളിക്ളിനിക്കിന്റെ സൌജന്യ മെഡിക്കല്‍ ക്യാമ്പും സമ്മേളന നഗരിയിലുണ്ടായിരുന്നു. കൂപ്പണ്‍ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും ചടങ്ങില്‍ നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ മാപ്പിളപ്പാട്ട് ഗായകനായ ഫിറോസ് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ഹിബ ബഷീര്‍, ലത്തീഫ് പടന്ന, മുഹ്സിന്‍ മുഹമ്മദ് കുട്ടി എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. സിറാജ് പയ്യോളിയുടെ മിമിക്രി പരേഡുമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍