നവോദയ കുടുംബവേദി പാചകമത്സരം സംഘടിപ്പിച്ചു
Friday, June 12, 2015 5:40 AM IST
ദമാം: നവോദയ കുടുംബവേദി യൂണിറ്റ് ഒന്നിന്റെ നേതൃത്വത്തില്‍ കുടുംബിനികള്‍ക്കായി പാചകമത്സരം സംഘടിപ്പിച്ചു. പ്രവാസ ജീവിതത്തിന്റെ തെരക്കുകള്‍ക്കിടയിലും പാചക കലയെ സ്നേഹിക്കുന്നവരാണു വീട്ടമ്മമാര്‍ എന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള രുചിക്കൂട്ടുകളും ഉത്തരേന്ത്യന്‍ വിഭവങ്ങളും മത്സരത്തിനായി തയാറാക്കിയിരുന്നു. രുചിവൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ വിവിധയിനം ഭക്ഷണങ്ങള്‍ ഒരുക്കി സ്ത്രീകള്‍ പങ്കെടുത്ത പാചകമത്സരം ആദ്യാവസാനം വരെ ആവേശഭരിതമായിരുന്നു. നാല്‍പ്പതോളം സ്ത്രീകള്‍ പങ്കെടുത്ത വീറും വാശിയേറിയ മത്സരത്തില്‍ ഷരാട്ടന്‍ ദമാം ചീഫ് എക്സിക്യൂട്ടീവ് ഷെഫ് ഇമ്മാനുവല്‍ കിരിയാകിട്ടിസ് വിധി നിര്‍ണയിക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.

വിവിധയിനം റൈസ്, ചിക്കന്‍കറികളുമായി പ്രവാസി വീട്ടമ്മമാര്‍ ഒരുക്കിയ പാചകവിരുന്ന് പ്രോഗ്രാം കാണാന്‍ വന്ന കാണികള്‍ക്ക് രുചിച്ചു നോക്കാന്‍ അവസരം ലഭിച്ചതു പുതിയ അനുഭവമായി. പച്ചക്കറികള്‍, പപഴങ്ങള്‍, വിവിധയിനം ഇലകള്‍കൊണ്ടു വെജിറ്റബിള്‍ കാര്‍വിംഗ്, മറ്റ് അലങ്കാരങ്ങള്‍ എന്നീ ഇനത്തിലും മത്സരങ്ങള്‍ നടന്നു.

സൈഫുന്നീസ, ആരിഫ, ശ്രീകല, സമീര ടീമിന് ഒന്നാം സ്ഥാനവും ജസീന, തസ്നി, ഷിഫ, അനിത ടീമിനു രണ്ടാം സ്ഥാനവും ജസ്ന, പ്രസന്ന, രാധിക, ഫമീല ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

നാലു പേരടങ്ങുന്ന 10 ടീമുകളായിട്ടായിരുന്നു മത്സരം. സുജ സുധീഷ്, ജ്യോത്സ്ന രഞ്ജിത്ത്, ഗോപിക രാംജിത്ത്, അജി ബിസായ്, അനു രാജേഷ്, ശോഭ വിജയന്‍, സിന്ധു, ജീജ, ഷെരീന, ലത, സജിത, ആയിഷ, ശബ്ന, ഹസീന, അജിത, മിനി, രജന, സിന്ധു, സ്മിത, സ്മിത, ജസീന, വാഹിദ, റംസി, സുമി, ജിജി, ധന്യ, മീനു, റുബീന എന്നിവര്‍ വിവിധ ടീമുകളിലായി മത്സരിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവോദയ കേന്ദ്ര കുടുംബവേദി ജോ. കണവീനര്‍ വിജയന്‍ ചെറായി വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

പ്രോഗ്രാം കണ്‍വീനര്‍ ഷാജു സ്വാഗതം ആശംസിച്ച യോഗത്തില്‍ കുടുംബവേദി യുണിറ്റ് ഒന്ന് പ്രസിഡന്റ് ഷാജി പനോലന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഹോം സയന്‍സ് വിഭാഗം മേധാവി മുംതാസ് അലി പാചക മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരങ്ങളുടെ നിയമാവലി യൂണിറ്റ് സെക്രട്ടറി രാജേഷ് ആനമങ്ങാട് വിശദീകരിച്ചു. കേന്ദ്രകമ്മിറ്റി അഗവും കുടുംബവേദി ഏരിയ ചുമതലയുമുള്ള വിജയന്‍ ചെറായി, നവോദയ കേന്ദ്ര കുടുംബവേദി സബ്കമ്മിറ്റി കണ്‍വീനര്‍ ഷൈസ അഷറഫ്, മറ്റു ഏരിയ, കുടുംബവേദി അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം