മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിനു മാതൃക: സമദാനി
Wednesday, May 27, 2015 6:26 AM IST
റിയാദ്: സ്വതന്ത്രഭാരതത്തില്‍ ആറര പതിറ്റാണ്ടു പിന്നിട്ട മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിനു മാതൃകയും ഭാവി രാഷ്ട്രീയപാതയില്‍ ഉത്തമ വഴികാട്ടിയുമാണെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ചിന്തകനുമായ എം.പി. അബ്ദുസമദ് സമദാനി എംഎല്‍എ അഭിപ്രായപ്പെട്ടു.

കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളിലെടുത്ത പല നിര്‍ണായക തീരുമാനങ്ങളിലും മുസ്ലിം ലീഗിന്റെ സ്വാധീനം പ്രകടമായിരുന്നു. ആറര പതിറ്റാണ്ടായി മുസ്ലിം ലീഗ് മുന്നോട്ടുവയ്ക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നിര്‍ദേശങ്ങള്‍ക്കു രാജ്യം അര്‍ഹിക്കുന്ന സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഖാഇദേ മില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ നേതൃത്വം ഈ പ്രസ്ഥാനത്തെ ഇച്ഛാശക്തിയോടെ മുന്നോട്ടു നയിച്ചതുകൊണ്ടാണ് അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു സമുദായത്തിനുപോലും രാജ്യ പുരോഗതിക്കായി നിലകൊള്ളുന്നവരുടെ മുന്‍നിരയിലേക്കു വരാന്‍ സാധിച്ചത് എന്നു സമദാനി ഓര്‍മിപ്പിച്ചു.

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ സംഭാവനകള്‍ വളരെ വലുതാണ്. സമൂഹത്തിന്റെ ഉന്നമനത്തിനായി മുസ്ലിം ലീഗ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ബൈത്തുറഹ്മയുടേയും സിഎച്ച് സെന്ററുകളിലൂടേയും രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. ക്രിയാത്മകവും നന്മയുടെ പാതയിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്നും ഈ രാഷ്ട്രീയമാണു കാലഘട്ടത്തിന്റെ ആവശ്യമെന്നും സമദാനി പറഞ്ഞു. പ്രസിഡന്റ് കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന കെഎംസിസി നേതാക്കളായ വി.കെ.സി. റൌഫ്, മാനു കൈപ്പുറം എന്നിവരെ ആദരിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, വി.കെ.സി. റൌഫ്, മാനു കൈപ്പുറം എന്നിവര്‍ സംസാരിച്ചു.

കെഎംസിസി നാഷണല്‍ കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ എം. മൊയ്തീന്‍ കോയ സ്വാഗതവും ഉസ്മാന്‍ അലി പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍