ജാസിം അല്‍ഖറാഫി അന്തരിച്ചു
Saturday, May 23, 2015 7:32 AM IST
കുവൈറ്റ്: പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ജാസിം മുഹമ്മദ് അല്‍ഖറാഫി അന്തരിച്ചു. 71 വയസായിരുന്നു. തുര്‍ക്കിയില്‍നിന്ന് തിരിച്ചുവരവെ ഹൃദയാഘാതത്തെ തുടര്‍ന്നു വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസര്‍ നമസ്കാരത്തിനുശേഷം സുലൈബിഖാത്ത് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യയും ഏഴു മക്കളുമുണ്ട്.

രാഷ്ട്രീയരംഗത്തും വ്യാപാരമേഖലയിലും ഒരുപോലെ മികച്ചുനിന്ന വ്യക്തിത്വമായിരുന്നു ജാസിം അല്‍ഖറാഫിയുടേത്. രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ അല്‍ഖറാഫി ഗ്രൂപ്പിന്റെ ഉടമയാണ്. 1944ല്‍ കുവൈറ്റ് സിറ്റിയിലെ ഖിബ്ള മേഖലയിലെ പ്രമുഖ കുടുംബത്തിലാണ് ജനനം. രാഷ്ട്രീയബിസിനസ് മേഖലകളില്‍ അറിയപ്പെടുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അല്‍ഖറാഫി ഗ്രൂപ്പ് സ്ഥാപകനായ പിതാവ് അബ്ദുള്‍ മുഹ്സിന്‍ അല്‍ഖറാഫി പാര്‍ലമെന്റ് അംഗമായിരുന്നു. ബ്രിട്ടനില്‍ ഉപരിപഠനം നടത്തിയശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ ജാസിം അല്‍ഖറാഫി 1979, 1981, 1985, 1996, 1999, 2003, 2006, 2008, 2009 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1985 മുതല്‍ 1990 വരെ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1999 മുതല്‍ 2011വരെ പാര്‍ലമെന്റ് സ്പീക്കറായും സേവനമനുഷ്ഠിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍