ബ്രിട്ടനിലെ കുടിയേറ്റ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ല: പ്രധാനമന്ത്രി കാമറൂണ്‍
Saturday, May 23, 2015 2:59 AM IST
ലണ്ടന്‍: യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും, കുടിയേറ്റ നിയന്ത്രണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.

കഴിഞ്ഞ വര്‍ഷം നെറ്റ് ഇമിഗ്രേഷന്‍ അമ്പതു ശതമാനം വര്‍ധിച്ച് 318,000 ലെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന് ഉള്ളില്‍നിന്നും പുറത്തുനിന്നുമുള്ള കുടിയേറ്റത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2014 ലെ കണക്കനുസരിച്ച് ആകെ 641,000 പേരാണ് വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് പുതുതായി യുകെയിലെത്തിയത്. ഈ സംഖ്യയില്‍ നിന്ന് രാജ്യം വിട്ടു പോയവരുടെ എണ്ണം കുറവു ചെയ്യുമ്പോള്‍ കിട്ടുന്നതാണ് നെറ്റ് ഇമിഗ്രേഷന്‍.

കണക്ക് കൈയെത്താ ദൂരത്ത് എത്തിക്കഴിഞ്ഞെന്ന് വ്യക്തം. എന്നാല്‍, ഇതുകൊണ്്ടൊന്നും നെറ്റ് ഇമിഗ്രേഷന്‍ ഒരു ലക്ഷത്തിനു താഴെയെത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു പിന്നോട്ടു പോകില്ലെന്നാണ് കാമറൂണിന്റെ ദൃഢപ്രഖ്യാപനം.

തന്റെ സര്‍ക്കാരിന്റെ കഴിഞ്ഞ ടേമില്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു തടസം നിന്നത് ലിബറല്‍ ഡെമോക്രാറ്റുകളാണെന്നും കാമറൂണ്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ടേമില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണ പങ്കാളികളായിരുന്നു ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍