കലാ സാഹിത്യ സാംസ്കാരിക സൌഹൃദ സായാഹ്നം 'സര്‍ഗ പ്രവാസം 2015' മേയ് 22ന്
Wednesday, May 20, 2015 7:26 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി അല്‍കോബാര്‍ മേഖല ഘടകം ഒരുക്കുന്ന കലാ സാഹിത്യ സാംസ്കാരിക സൌഹൃദ സായാഹ്നം 'സര്‍ഗ പ്രവാസം 2015' മേയ് 22നു (വെള്ളി) അരങ്ങേറും.

ഉച്ചകഴിഞ്ഞു മൂന്നിനു ദമാം ഫൈസലിയ ദവാ ഹാളില്‍ നടക്കുന്ന പരിപാടി വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.സി. പിള്ള സ്മാരക സാഹിത്യമത്സര വിജയികള്‍ക്കുള്ള പുരസ്കാര സമര്‍പ്പണം, സഫിയ അജിത് സ്മാരക ജീവകാരുണ്യ പുരസ്കാര സമര്‍പ്പണം, സാംസ്കാരിക സദസ് എന്നിവ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു നടത്തും. തുടര്‍ന്നു പ്രവാസ കലാകാരന്മാരുടെ സര്‍ഗ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സംഗീത, നൃത്ത, നാടക, കലാ പ്രകടനങ്ങളുടെ മാസ്മരിക സായാഹ്നം അരങ്ങേറും.

നൂറുകണക്കിനു പ്രവാസികളും കുടുംബങ്ങളും നിരവധി സാമൂഹ്യ കലാ, സാംസ്കാരിക സാഹിത്യപ്രവര്‍ത്തകരും കലാകാരന്മാരും പ്രവാസി സംഘടന നേതാക്കന്മാരും മാധ്യപ്രവര്‍ത്തകരും പങ്കെടുക്കുന്ന കലാ, സാംസ്കാരിക സായാഹ്നമാണ് 'സര്‍ഗപ്രവാസം 2015'.

നവയുഗം സാംസ്കാരിക വേദി അല്‍കോബാര്‍ മേഖലാ കമ്മിറ്റി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സഫിയ അജിത് സ്മാരക ജീവകാരുണ്യ പുരസ്കാരത്തിനു ജീവകാരുണ്യ രംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്യുന്ന വില്‍സണ്‍ ഷാജിയും രാജ്കുമാറും അര്‍ഹരായി.

നവയുഗം സാംസ്കാരികവേദി വൈസ് പ്രസിഡന്റും കേരള പ്രവാസി ഫെഡറേഷന്‍ കേരള സംസ്ഥാന കമ്മിറ്റി അംഗവും ഗള്‍ഫ് പ്രവാസി മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത,് സാധാരണ പ്രവാസികളുടെയും ഗദാമമാരുടെയും ദുരിത പൂര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ആദരസൂചകമായിട്ടാണ് ഈ വര്‍ഷം മുതല്‍ ജീവകാരുണ്യരംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കു പുരസ്കാരം ഏര്‍പ്പെടുത്തുവാന്‍ നവയുഗം തീരുമാനിച്ചത്.

അവാര്‍ഡ് ജേതാക്കളില്‍ ഒരാളായ രാജ്കുമാര്‍ കഴിഞ്ഞ 16 വര്‍ഷക്കാലമായി അല്‍കോബാര്‍ അല്‍ ദോസരി ഹോസ്പിറ്റലിലെ അഡ്മിന്‍ വിഭാഗത്തിലെ എക്സികൂട്ടീവ് സെക്രട്ടറി ആയി ജോലിചെയ്തുവരികയാണ്. തൃശൂര്‍ വറക്കര കാവല്ലൂര്‍ സ്വദേശിയായ രാജ്കുമാര്‍ ആയിരക്കണക്കിനു പ്രവാസികള്‍ക്കു പ്രയോജനപ്പെടുന്ന തരത്തില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ളാസുകളും സംഘടിപ്പിക്കുന്നതിനു നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. മാത്രമല്ല, സാധാരണ പ്രവാസികള്‍ക്കു ചികിത്സ സംബന്ധമായ വിഷയങ്ങള്‍ വരുമ്പോള്‍ സഹായം ആവശ്യപ്പെട്ടു വരുന്നവര്‍ക്ക് മികച്ച ചികിത്സ ഏറ്റവും മിതമായ നിരക്കില്‍ ഏര്‍പ്പെടുത്തുന്നതിനും അവര്‍ക്കുവേണ്ട പ്രത്യേക പരിഗണന നല്‍കുന്നതിനും രാജ്കുമാര്‍ ശ്രമിച്ചുവരികയാണ്. സുനിത ഭാര്യയും മികച്ച കലാകാരികളായ കല്യാണി ലക്ഷ്മി എന്നിവര്‍ മക്കളുമാണ്.

അവാര്‍ഡ് ജേതാക്കളില്‍ മറ്റൊരാളായ തിരുവനന്തപുരം ചെമ്പൂര്‍ സ്വദേശി വില്‍സണ്‍ ഷാജിയുടെ ഇടപെടല്‍ മൂലം ദുരിതമനുഭവിച്ച നിരവധി പ്രവാസ ജീവിതങ്ങളാണു രക്ഷപ്പെട്ടിട്ടുള്ളത്. നിതാഖത്ത് കാലയളവില്‍ നാട്ടില്‍പോകാന്‍ ബുധിമുട്ടനുഭവിച്ച നിരവധി പേര്‍ക്ക് അവരുടെ യാത്രരേഖകള്‍ ശരിയാക്കി സ്വന്തം ചെലവില്‍ നാട്ടില്‍ അയയ്ക്കുന്നതിനും വിവിധ രോഗങ്ങള്‍കൊണ്ടു വലഞ്ഞ നിരവധി പേര്‍ക്ക് മെച്ചപ്പെട്ട ചികിത്സ സ്വന്തം ചെലവില്‍ ഏറ്റെടുത്തു ചെയ്യുവാനും അവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിനുംവേണ്ടി വിത്സണ്‍ ഷാജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് നവയുഗം പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലമായി സൌദി അറേബ്യയില്‍ ഒരു പ്രമുഖ നിര്‍മാണകമ്പനിയില്‍ നടത്തിപ്പുകാരനായി ജോലി നോക്കിവരുന്നു.

കാരക്കോണം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം ടൂട്ടര്‍ ആയി ജോലി ചെയ്യുന്ന സോളിറ്റ് ആണ് ഭാര്യ. മക്കള്‍: സാമുവല്‍, സാദിയോ.

സൌദി അറേബ്യയിലെ പ്രവാസികള്‍ക്കിടയില്‍നിന്നു മികച്ച പുതിയ എഴുത്തുകാരെ കണ്െടത്താനും പ്രവാസികളുടെ സാഹിത്യ അഭിരുചി വളര്‍ത്തുവാനും ഉതകുന്ന വിധത്തില്‍ കേരളത്തിലെ കമ്യുണിസ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ കലാ, സാഹിത്യ, സാംസ്കാരിക മേഖലയിലെയും തിളങ്ങിയ വ്യക്തിത്വവുമായിരുന്ന കെ.സി. പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങള്‍ക്ക് സബീന എം. സാലി (കഥ 'കാമ്യം'), റഫീക്ക് പന്നിയങ്കര   (കഥ 'മൌനമുദ്ര'), റുബീന നിവാസ് (കഥ 'ചന്ദനചര്‍ച്ചിതമാം രാത്രി'), സോണി ഡിത്ത് (കവിത 'വിചിത്രഭാഷകളുടെ വിപ്ളവം'), രത്നാകരന്‍ ഐവര്‍കാല (കവിത 'കോപ്രായമാടുന്നവര്‍'), സോഫി ഷാജഹാന്‍ (കവിത 'ജലയാത്ര') എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെയും സൌദിഅറേബ്യയിലെയും മികച്ച സാഹിത്യ പ്രവര്‍ത്തകരായ കാലിക്കട്ട് സര്‍വകലാശാല അസിസ്റന്റ് പ്രഫസറും യുവകവിയുമായ ഹിക്മത്ത്, കഥാകാരനും ചിത്രകാരനുമായ തമ്പാനൂര്‍ ചന്ദ്രശേഖരന്‍, സൌദി പ്രവാസ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ ജോസഫ് അതിരിങ്ങല്‍, സാഹിത്യ നിരൂപകനും എഴുത്തുകാരനും കേരള സര്‍വകലാശാലയിലെ റിട്ട. പ്രഫസറുമായ വിശ്വമംഗലം സുന്ദരേശന്‍, പ്രഫ. ചന്ദ്രബാബു, യുവകവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

എറണാകുളം വൈറ്റില ബിനൂജ മന്‍സിലില്‍ മുഹമ്മദ്കുഞ്ഞിന്റെയും സുബൈദ ബീവിയുടെയും മകളാണു സബീന എം. സാലി. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി സൌദി ആരോഗ്യമന്ത്രാലയത്തില്‍ ഫാര്‍മസിസ്റ് തസ്തികയില്‍ പ്രവര്‍ത്തിക്കുന്നു. ഒപ്പം കേരളത്തിലേയും മിഡില്‍ ഈസ്റിലെയും മലയാള ആനുകാലികങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ ബ്ളോഗുകളിലും വെബ്മാഗസിനുകളിലും സജീവം. ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍ എന്ന കവിതാ സമാഹരവും കന്യാവിനോദം എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹ്യ, സൌഹൃദം.കോം, നവോദയ തുടങ്ങിയ കവിതാ പുരസ്കാരങ്ങളും റിയ, നെസ്റ്റോ കഥാ പുരസ്കാരവും, മികച്ച ലേഖനങ്ങള്‍ക്കുള്ള ജനശ്രീ, കെഎംസിസി, ഫ്രണ്ട്സ് ക്രിയേഷന്‍സ്, കേളി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: മുഹമ്മദ് സാലി സൌദി ടെലികോമില്‍ ജോലി നോക്കുന്നു. മക്കള്‍: ബിലാല്‍, ആസിയ.

ദമാമില്‍ എട്ടുവര്‍ഷത്തോളം ആയി പ്രവാസജീവിതം നയിക്കുന്ന സോണി ഡിത്ത് തൃശൂര്‍ സ്വദേശിയാണ്. ബ്ളോഗിലും സോഷ്യല്‍ മീഡിയയിലും സജീവം, ആനുകാലികങ്ങളിലും ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്.
ഭര്‍ത്താവ്: ഡിത്ത്സണ്‍ സേഫ്റ്റി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു. ഒരു മകന്‍ ദിദിമോസ്.

കോഴിക്കോട്ട് സ്വദേശിയായ റഫീക്ക് പന്നിയങ്കര റിയാദിലെ ന്യൂ സഫമക്ക പോളിക്ളിനിക്കില്‍ പിആര്‍ഒ ആയി ജോലി നോക്കുന്നു. സാഹിത്യ രംഗത്ത് സജീവം. റിയാദിലെ 'ഇല' ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപ സമിതി അംഗം. 'നഗരകൊയ്ത്ത്' എന്ന പേരില്‍ കഥാ സമാഹാരവും കടല്‍ദൂരം എന്ന പേരില്‍ കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീലയം കലാവേദി, ദുബായി കൈരളി കലാകേന്ദ്രം, ഷാര്‍ജ തനിമ കലാവേദി, കേളി, പുരോഗമന കലാസാഹിത്യ സംഘം, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, ഷാര്‍ജ അക്ഷരം, അബുദാബി മലയാളി സമാജം എന്നിവ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്.
ഭാര്യ: സുലൈഖ. മക്കള്‍: രഫ്സില, മുഹ്സിന, ഫര്‍ഹാന്‍.

കൊല്ലം സ്വദേശിയായ രത്നാകരന്‍ ഐവര്‍കാല കഴിഞ്ഞ 22 വര്‍ഷങ്ങളായി പ്രവാസിയാണ്. മുഹമ്മദ് അല്‍ ഷാമാരി ഫാക്ടറിയില്‍ വെല്‍ഡര്‍ ആയി ജോലി നോക്കുന്നു. സാഹിത്യരംഗത്ത് സജീവം. ഭാര്യ: പൊന്നമ്മ. മക്കള്‍: ശ്രീജ, ശ്രീജിത്ത്.

ആലുവ സ്വദേശിനിയായ റുബീന നിവാസ് ജിദ്ദയിലാണു താമസം. 'ബ്രേക്കിംഗ് ന്യൂസ്' എന്ന പേരില്‍ ഒരു കഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കൃതിക്കു കേരള കലാ കേന്ദ്രയുടെ കമലാ സുരയ്യ പുരസ്കാരം ലഭിച്ചു. ഭര്‍ത്താവ്: നിവാസ് അഹമ്മദ് ജിദ്ദയില്‍ ബിസിനസുകാരനാണ്. മൂന്നു ആണ്‍കുട്ടികള്‍.

കൊല്ലം സ്വദേശി സോഫി ഷാജഹാന്‍ ദമാം ക്രിയേറ്റിവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഐടി ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. 'നീലവരയിലെ ചുവപ്പ്' എന്ന പേരില്‍ ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുലരിയുടെ ദര്‍പ്പണം എന്ന പരിപാടിയില്‍ കവിതയ്ക്കു പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ഷാജഹാന്‍.

വെള്ളിയാഴ്ച സര്‍ഗപ്രവാസ വേദിയില്‍ വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം