രമേശ് സ്മാരക പ്രവാസി പുരസ്കാരം സുബൈര്‍ കണ്ണൂരിന്
Monday, May 18, 2015 5:35 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മുന്‍ ഭാരവാഹിയും കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച ആര്‍. രമേശിന്റെ സ്മരണാര്‍ഥം കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ആര്‍. രമേശ് സ്മാരക പ്രവാസി പുരസ്കാരത്തിനനു ബഹ്റിനിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സുബൈര്‍ കണ്ണൂര്‍ അര്‍ഹനായി. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. കല കുവൈറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്

കഴിഞ്ഞ വര്‍ഷം മുതലാണു കല കുവൈറ്റ്, പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായി ഇടപെടുന്നവരെ ആദരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ബഹ്റിനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകരില്‍ ഒഴിവാക്കാനാകാത്ത പേരാണു സുബര്‍ കണ്ണൂരിന്റേത്. ഇരുപതു വര്‍ഷത്തില്‍ അധികമായി ബഹ്റിനില്‍ ഉള്ള സുബൈര്‍, അവിടുത്തെ ആരോരും തുണയില്ലാതെയാവുന്നവരുടെ എല്ലാമെല്ലാമാണ്. ബഹ്റിനില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു കഴിഞ്ഞ 25 വര്‍ഷമായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ സുബര്‍ കണ്ണൂരിന്റെ ഇടപെടലിന്റെ ഭാഗമായി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എയ്ഡ്സ് രോഗികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ വരെ ഉണ്ടായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 00974 39682974 എന്ന ഹെല്‍പ് ലൈന്‍ മൊബൈല്‍ നമ്പര്‍ സുബൈര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ സഹായം തേടുന്നവരുടെ ആശ്രയമാണ്.

കണ്ണൂര്‍ വളപട്ടണം സ്വദേശിയായ സുബൈര്‍ ബഹ്റിനിലെ പ്രമുഖ സാംസ്കാരിക സംഘമായ 'പ്രതിഭയുടെ' പ്രധാന പ്രവര്‍ത്തകരില്‍ ഒരാള്‍കൂടിയാണ്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സുബൈറിനെത്തേടി എത്തിയിട്ടുണ്ട്.

മേയ് 22-നു (വെള്ളിയാഴ്ച) ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടക്കുന്ന കല കുവൈറ്റിന്റെ ഈവര്‍ഷത്തെ മെഗാ സാസ്കാരിക മേളയായ 'അക്ഷരം2015' വേദിയില്‍ വെച്ച് സുബൈര്‍ കണ്ണൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

ഒലീവ് ഓഡിറ്റോറിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ജെ. സജി, സാം പൈനുംമൂട്, ഷാജു വി. ഹനീഫ്, സജീവ് എം.ജോര്‍ജ്, ആര്‍. നാഗനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍