അന്താരാഷ്ട്ര യാത്രക്കാര്‍ രണ്ടു ഡോളര്‍ അധികം നല്‍കണം: സൌദി സിവില്‍ ഏവിയേഷന്‍
Sunday, May 17, 2015 6:33 AM IST
ദമാം: സൌദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍നിന്നു വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ ഇനി വിമാന ടിക്കറ്റിന്റെ വിലയേക്കാള്‍ രണ്ടു ഡോളര്‍കൂടി അധികം നല്‍കണം.

ഇതു സംബന്ധിച്ച പ്രഖ്യാപനം മേയ് ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വന്നു.

അയാട്ട നിയമ പ്രാകാരമാണു സുരക്ഷാ കാര്യത്തിന്റെ പേരില്‍ രണ്ടു ഡോളര്‍ കൂടി ഈടാക്കുന്നതെന്നു സൌദി സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. സൌദിയിലേക്കു വരികയും പോവുകയും ചെയ്യുന്ന മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും പുതിയ സര്‍ചാര്‍ജ് ബാധകമാണ്.

യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന തുക ഓരോ മാസവും സിവില്‍ ഏവിയേഷന്‍ വകുപ്പിലേക്കു അടച്ചിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം