സജി മൂരാടിനു നവോദയ യാത്രയയപ്പു നല്‍കി
Saturday, May 16, 2015 8:25 AM IST
റിയാദ്: നവോദയ റിയാദ് വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന നവോദയ അല്‍മദീന കലാ,സാംസ്കാരിക സന്ധ്യയില്‍ അരങ്ങേറിയ തീപ്പൊട്ടന്‍ എന്ന നാടകത്തിന്റെ സഹസംവിധായകന്‍ സജി മൂരാടിനു നവോദയ യാത്രയയപ്പു നല്‍കി. ബത്തയിലെ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ വിവിധ ഉപഹാരങ്ങള്‍ സജിക്കു കൈമാറി.

തീപ്പൊട്ടന്‍ നാടകത്തിന്റെ സംവിധായകന്‍ ജയന്‍ തിരുമനയുടെ ശിഷ്യനും കോഴിക്കോട് സങ്കീര്‍ത്തന തിയേറ്റേഴ്സിന്റെ ഉടമയും നടനുമാണ് വടകര ഇടത്തില്‍ സ്വദേശി സജി മൂരാട്. നവോദയയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ അവതരിപ്പിച്ച തീപ്പൊട്ടന്‍ നാടകത്തിന്റെ സംവിധാന സഹായിയായാണ് രണ്ടാഴ്ച മുന്‍പ് സജി റിയാദിലെത്തിയത്. ഇതേ നാടകത്തില്‍ കണാദന്‍ എന്ന വേഷം നാട്ടിലഭിനയിച്ചിട്ടുള്ള സജി സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടനുള്ള പുരസ്കാരം നേടിയിരുന്നു.

ഇപ്പോള്‍ ജയന്‍ തിരുമനയുടെ മുച്ചിലോട്ട് ഭഗവതി എന്ന നാടകത്തില്‍ ഭഗവതിയുടെ വേഷം ചെയ്യുന്നു. 23 വര്‍ഷമായി പ്രഫഷണല്‍ നാടക രംഗത്തുള്ള സജി റിയാദിലെ നാടകാവതരണത്തിനുവേണ്ട പ്രധാന സാമഗ്രികളും നാട്ടില്‍ നിന്നും എത്തിച്ചിരുന്നു. ഭാര്യയോടൊപ്പം റിയാദിലെത്തിയ നാടക സംവിധായകന്‍ ജയന്‍ തിരുമന മേയ് അവസാനം നാട്ടിലേക്കു മടങ്ങും.

രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ കേന്ദ്ര കമ്മിറ്റി അംഗം വിക്രമലാല്‍ സംഘടനയുടെ ഉപഹാരം സജി മൂരാടിനു കൈമാറി. അന്‍വാസ്, സുദര്‍ശനന്‍, ഷീബാ രാജുഫിലിപ്പ്, സുരേഷ് സോമന്‍, ജയകുമാര്‍, സുബി സുനില്‍, റാണി ജോയി, മഞ്ജു വിക്രമലാല്‍, ഷൈജു ചെമ്പൂര്‍, സാബു, മുനീര്‍, ദീപാ ജയകുമാര്‍, സതീഷ്, സക്കീര്‍ മണ്ണാര്‍മല, സെലിന്‍, അഹമ്മദ് മേലാറ്റൂര്‍, രാജേഷ്, ഷാജിലാല്‍, ഉദയഭാനു, ബേബിച്ചന്‍ എന്നിവര്‍ സംസാരിച്ചു.

യാത്രയയപ്പിനു നന്ദി പറഞ്ഞ സജി, റിയാദില്‍ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടന്‍ നാടകത്തിലെ അഭിനേതാക്കളുടെ പ്രകടനം വളരെ മികച്ചതായിരുന്നെന്ന് അഭിപ്രായപ്പെടുകയും നവോദയയുടെ സംഘാടന മികവിനെ അഭിനന്ദിക്കയും ചെയ്തു. ആദ്യമായി സൌദിയിലെത്തി രണ്ടാഴ്ച്ചക്കു ശേഷം മടങ്ങുമ്പോള്‍ സൌദിയെക്കുറിച്ചും പ്രവാസികളെ കുറിച്ചും നല്ല ഓര്‍മകള്‍ മാത്രമാണ് മനസിലുള്ളതെന്നും സജി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍