യൂറോപ്യന്‍ യൂണിയന്‍ നാവിക ദൌത്യം സാധ്യമാകുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി സ്റൈന്‍മയര്‍
Friday, May 15, 2015 8:07 AM IST
ബര്‍ലിന്‍: ആഫ്രിക്കയില്‍നിന്നും മധ്യപൂര്‍വേഷ്യയില്‍ നിന്നും യൂറോപ്പിലേക്കു മനുഷ്യക്കടത്ത് നടത്തുന്നവരെ കുടുക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നാവിക ദൌത്യം രൂപീകരിക്കുക എന്ന ആശയം യാഥാര്‍ഥ്യമാകുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മെയര്‍ക്കു പ്രതീക്ഷ. ഇതു സംബന്ധിച്ച പ്രമേയത്തിനു ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകാരം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മനുഷ്യക്കടത്ത് തടയുന്നതിനു യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് നാവിക ദൌത്യ സംഘം രൂപീകരണം. ലിബിയയില്‍നിന്നുള്ള മനുഷ്യക്കടത്ത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതു നടപ്പായാല്‍ ലിബിയയില്‍നിന്നു പുറപ്പെടുന്ന ബോട്ടുകള്‍ കടലില്‍ തടയാനും അവയില്‍ കടന്നു കയറി നടപടി സ്വീകരിക്കാനും യൂറോപ്യന്‍ യൂണിയന്റെ സംയുക്ത നാവികസേനയ്ക്ക് അനുമതി ലഭിക്കും.

ഇത്തരമൊരു അനുമതി ഐക്യരാഷ്ട്ര സഭ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് തുര്‍ക്കിയിലെ അന്റാലിയയില്‍ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ സ്റ്റീന്‍മെയര്‍ പറഞ്ഞു.

നിര്‍ദേശത്തിനെതിരേ വീറ്റോ വരാനുള്ള സാധ്യതയെ മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ ആശങ്കയോടെ കാണുന്നത്. യൂണിയന്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന തീരുമാനമായതിനാല്‍ റഷ്യയുടെ ഭാഗത്തുനിന്ന് വീറ്റോ വരാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ റഷ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍