അഫീഫ് മലയാളി സമാജം സൌജന്യ മെഡിക്കല്‍ ക്യാമ്പ് മേയ് എട്ടിന്
Monday, May 4, 2015 8:42 AM IST
റിയാദ്: അഫീഫ് മലയാളി സമാജം ബത്ഹയിലെ ഷിഫ അല്‍ജസീറ പോളിക്ളിനിക്കിന്റെയും റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സഹകരണത്തോടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് മേയ് എട്ടിനു(വെള്ളി) സംഘടിപ്പിക്കുന്നു.

റിയാദില്‍നിന്ന് 530 കിലോമീറ്ററകലെയുള്ള അഫീഫില്‍ 2000ത്തിലേറെ ഇന്ത്യക്കാരാണുള്ളത്. ഇവരും മറ്റു രാജ്യക്കാരുമെല്ലാം സാധാരണ തൊഴിലാളികളാണെന്നും ആതുര ചികിത്സയ്ക്ക് മതിയായ സൌകര്യമില്ലാത്ത ഇവിടെ മെഡിക്കല്‍ ക്യാമ്പുകള്‍ തൊഴിലാളികള്‍ക്കു വലിയ അനുഗ്രഹമാണെന്നും സംഘാടകര്‍ പറഞ്ഞു.

അഫീഫിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ കൂടി സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ്. ആയിരത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ക്യാമ്പില്‍ ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് മെഡിക്കല്‍ ഡയറക്ടറും അഫീഫ് ജനറല്‍ ആശുപത്രി മെഡിസിന്‍ വിഭാഗം മുന്‍ തലവനുമായിരുന്ന ഡോ. ജോര്‍ജ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ പത്തിലേറെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിഭാഗവും സേവനത്തിനുണ്ടാകും.

പ്രമേഹം, രക്തസമ്മര്‍ദം എന്നീ പരിശോധനകളും പാവപ്പെട്ട രോഗികള്‍ക്കു മരുന്നും സൌജന്യമായി നല്‍കും. ക്യാമ്പിന്റെ ഭാഗമായി ആരോഗ്യബോധവത്കരണ ക്ളാസുകളും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും പ്രദര്‍ശനവും നടക്കും. 15 വര്‍ഷമായി അഫീഫില്‍ ജീവകാരുണ്യ, സാമൂഹികരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന മലയാളി സമാജത്തില്‍ എഴുന്നൂറോളം അംഗങ്ങളുണ്ട്. അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഒന്നരലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നുണ്ട്. രോഗികള്‍ക്കു ചികിത്സയ്ക്കുവേണ്ടി ധനസഹായവും മറ്റു സഹായങ്ങളും നല്‍കി വരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ജോഷി ആലപ്പുഴ, ഡോ. ജോര്‍ജ് ഫിലിപ്പ്, ഡോ. സുരേഷ് മംഗലത്ത്, അക്ബര്‍ വേങ്ങാട്ട്, ശിഹാബ് കൊട്ടുകാട് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍