സ്ത്രീ ചെറുത്തുനില്‍പ്പിന് ഒരുങ്ങാന്‍ ആഹ്വാനവുമായി നവയുഗം വനിതാ വേദി സെമിനാര്‍
Monday, April 27, 2015 7:57 AM IST
ദമാം: നവയുഗം വനിതാ വേദി 'നിര്‍ഭയ' എന്ന പേരില്‍ സ്ത്രീ പ്രതിരോധ സെമിനാര്‍ അല്‍ കൊസാമ സ്കൂള്‍ അധ്യാപിക ഫെബിന നൌഫല്‍ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കണ്‍വീനര്‍ ലീന ഷാജി അധ്യക്ഷത വഹിച്ചു. ഖദീജ ഹബീബ് വിഷയം അവതരിപ്പിച്ചു. ഫെബിന ബാസിം സ്വാഗതവും സുജ റോയ് നന്ദിയും പറഞ്ഞു.

സ്ത്രീയുടെ ജീവിതത്തിനു ഗോക്കള്‍ക്കും തെരുവു നായ്ക്കള്‍ക്കും കിട്ടുന്ന സംരക്ഷണവും പരിഗണനയും പോലുമില്ലാതെ അവളുടെ മാനവും ജീവനും എവിടെ വച്ചും കപാലികരാല്‍ കവര്‍ന്നെടുക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ എല്ലായിടത്തും. സ്വന്തം വീടുകളില്‍ പോലും സ്ത്രീ സുരക്ഷിതയല്ല ഒമ്പതു ദിവസം മുതല്‍ 90 വയസുവരെയുള്ള സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും കുറ്റവാളികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്ന കാഴ്ച രാജ്യത്തു വര്‍ധിച്ചു വരുന്നു. സ്ത്രീ പീഡനങ്ങളില്‍ പ്രതികളാകുന്നവക്ക് അവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ അവര്‍ക്ക് ജുവനൈല്‍ നിയമ പരിരക്ഷ കിട്ടുമെന്നുള്ളത് ഈ പ്രായത്തിലുള്ള കുട്ടികളില്‍ കുറ്റവാസന വര്‍ധിച്ചുവരുകയും തിന്മകളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നുവെന്നു സെമിനാര്‍ അഭിപ്രായപെട്ടു. സ്ത്രീപീഡനങ്ങളില്‍ പ്രതികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവരെയും ജുവനൈല്‍ പരിരക്ഷയില്ലാതെ വിചാരണ ചെയ്തു ശിക്ഷിക്കാന്‍ നിയമ ഭേതഗതി ചെയ്യണമെന്നു സെമിനാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്ത്രീ അവളുടെ സംരക്ഷണത്തിനായി സ്വയം പ്രതിരോധമാര്‍ഗങ്ങള്‍ തേടേണ്ട സമയം അതിക്രമിച്ചുവെന്നും ഈയൊരു ആവശ്യം കൂടി പരിഗണിക്ക പെടുന്നതായിരിക്കണം അവളുടെ സ്കൂള്‍ സിലബസ് എന്നും സെമിനാര്‍ ആവശ്യപ്പെട്ടു.

ഷെമീറ ഷാജഹാന്‍, സുമി ശ്രീലാല്‍, മിനി വര്‍ഗീസ്, ശരണ്യ ഷിബുകുമാര്‍, ലതാ മോഹന്‍ദാസ്, സീന ലാലു എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനോട് അനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളില്‍ ഖദീജ ഹബീബ്, മിനി വര്‍ഗീസ്, സുമി ശ്രീലാല്‍, ഫര്‍ഹാന പര്‍വീന്‍, ലിയ വര്‍ഗീസ്, അശ്വതി രാജന്‍ എന്നിവര്‍ വിജയിച്ചു. ആന്‍ മേരി റോയ്, ഫര്‍ഹാന പര്‍വീന്‍, ഐശ്വര്യാ രാജന്‍, അലിന അബ്ദുള്‍ കലാം, ലിയ വര്‍ഗീസ് എന്നിവര്‍ തുടര്‍ന്നു കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം