കേഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 24ന്
Tuesday, April 21, 2015 6:58 AM IST
കുവൈറ്റ്: കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്‍ കുവൈറ്റ് (കെഫാക്) സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 24നു(വെള്ളി) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ മിശ്രിഫിലുള്ള കുവൈറ്റ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.

കുവൈറ്റിലെ മുഴുവന്‍ ജില്ലാ അസോസിയേഷനുകളുമായും സഹകരിച്ചു സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളയില്‍ കെഫാകില്‍ അണിനിരന്നിട്ടുള്ള 450ല്‍ പരം മലയാളി താരങ്ങള്‍ 10 ജില്ലകള്‍ക്കായി കളിക്കും. രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം, ഏറണാകുളം, തൃശൂര്‍, മലപ്പുറം (എ), മലപ്പുറം (ബി), പാലക്കാട്, കോഴിക്കോട് (കെഡിഎന്‍എ), കാലിക്കട്ട് ബോയ്സ്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 11 ജില്ലാ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി ലീഗടിസ്ഥാനത്തില്‍ മാറ്റുരയ്ക്കും. ഇരു ഗ്രൂപ്പുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. അന്തര്‍ജില്ലാ സോക്കര്‍ ലീഗില്‍ ഇന്ത്യയിലെ വിവിധ പ്രഫഷണല്‍ ക്ളബ്ബുകളായ സെസ ഗോവ, മുംബൈ എഫ്സി, എഫ്സി കൊച്ചിന്‍, വിവകേരള, ടൈറ്റാനിയം, സെന്‍ട്രല്‍ എക്സൈസ്, എസ്ബിടി തുടങ്ങിയ ക്ളബ്ബുകളിലും കേരളത്തിലെ സെവന്‍സ് ഫുട്ബോളിലും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും അഞ്ചു മത്സരങ്ങള്‍ വീതം നടക്കും. കെഫാകിലെ വിവിധ ക്ളബ്ബുകളില്‍ അണിനിരന്നിട്ടുള്ള ഫുട്ബോള്‍ താരങ്ങള്‍ തങ്ങളുടെ ജില്ലകള്‍ക്കായി പോരാടുന്ന ആവേശകരമായ ഫുട്ബോള്‍ ഉത്സവമാണു വരുന്ന രണ്ടു മാസക്കാലം കുവൈറ്റില്‍ അരങ്ങേറാന്‍ പോകുന്നത്. ഉദ്ഘാടന സെഷനില്‍ കുവൈറ്റിലെ ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍, മലയാളി പൌരപ്രമുഖര്‍, കുവൈറ്റിലെ മലയാളി ബിസിനസ് പ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കെഫാക് പ്രസിഡന്റ് അബ്ദുള്ള ഖാദിരി കിക്കോഫ് നിര്‍വഹിക്കും. മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബ സമേതം മത്സരം ആസ്വദിക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ടന്നു ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം വയനാടിനേയും, മലപ്പുറം ബി എറണാകുളത്തെയും കോഴിക്കോട് (കെഡിഎന്‍എ) തൃശൂരുമായും കണ്ണൂര്‍ പലക്കാടുമായും മലപ്പുറം എ കാസര്‍ഗോഡുമായും ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍