'ക്ഷേമരാഷ്ട്രം സാധ്യമാകാന്‍ സമര്‍പ്പണത്തിനു തയാറാകണം'
Thursday, April 16, 2015 6:35 AM IST
ദമാം: ക്ഷേമരാഷ്ട്രമെന്ന സ്വപ്നം സാധ്യമാകണമെങ്കില്‍ സമര്‍പ്പണത്തിനു തയാറുള്ള രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നു വരണമെന്നു 'പ്രവാസി' സാംസ്കാരിക വേദി സൌദി കോ-ഓര്‍ഡിനേറ്റര്‍ റഹ്മത്തെ ഇലാഹി പറഞ്ഞു.

പ്രവാസി സാംസ്കാരിക വേദി ബദര്‍ അല്‍ റബി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ 'കുതിപ്പ് 2015' സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം പഴിചാരാന്‍ മാത്രം ശീലിച്ചവര്‍ക്കു രാജ്യത്ത് ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം സ്വാതന്ത്യ്രം നേടുമ്പോള്‍ ആഗ്രഹിച്ച വികസനമല്ല, കോര്‍പറേറ്റുകളുടെ വികസനമാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. വിലക്കയറ്റം ജനതയെ പൊറുതി മുട്ടിക്കുമ്പോഴും നാം വികസിച്ചു കഴിഞ്ഞു എന്നാണു ഭരണകര്‍ത്താക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ സങ്കല്‍പ്പത്തിനു കടുത്ത പോറല്‍ ഏല്‍പ്പിക്കുന്ന സമീപനങ്ങളാണു കേന്ദ്ര സര്‍ക്കാരിിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച സെന്‍ട്രല്‍ കമ്മിറ്റി അംഗം ജസീര്‍ മട്ടന്നൂര്‍ പറഞ്ഞു. ഭരണകര്‍ത്താക്കള്‍തന്നെ വര്‍ഗീയത പരത്തുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ഇന്ത്യയെ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച സംഗമത്തില്‍ പ്രവാസി ദമാം പ്രസിഡന്റ് അബൂബക്കര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. അഷ്റഫ് കുറ്റ്യാടി സ്വാഗതം പറഞ്ഞു. ജോര്‍ജ് നെറ്റോ സംസാരിച്ചു. ഖലീല്‍ അല്‍കോബാര്‍, ഹാറൂണ്‍, ഹിബ ഷെരീഫ്, സിനാന്‍ സലിം,നുഹ ഷബീര്‍, അമീര്‍ പൊന്നാനി, രമേശന്‍ എന്നിവര്‍ ഗാനം ആലപിച്ചു. സ ഈദ് ഹമദാനി സംവിധാനം ചെയ്ത് രാജു നായിഡുവും സംഘവും അവതരിപ്പിച്ച 'ഒരു കഥയും കവിതയും' എന്ന ദൃശ്യാവിഷ്കാരം ശ്രദ്ധ നേടി. അറബിക് നൃത്തം, സംഘഗാനം എന്നിവയും അരങ്ങേറി. റൌഫ് ചാവക്കാട് കവിത അവതരിപ്പിച്ചു. ജംഷാദ് കണ്ണൂര്‍, ദിലീപ് അനിരുദ്ധന്‍, സിദ്ദിഖ് ആലുവ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം