ഗവണ്‍മെന്റ് പ്രോജക്ട് വീസ മാറ്റം നിലവില്‍ വന്നു
Tuesday, April 14, 2015 6:04 AM IST
കുവൈറ്റ്: ഗവണ്‍മെന്റ് പ്രോജക്ട് വീസയില്‍ എത്തുന്നവര്‍ക്കു മറ്റൊരു ഗവണ്‍മെന്റ് പ്രോജക്ട് വീസയിലേക്ക് ഇഖാമ മാറ്റുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വന്നു.

മാന്‍ പവര്‍ അഥോറിറ്റി മേധാവി ജമാല്‍ അല്‍ ദോസരിയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ് ഈ നിയമം ബാധകം. മുന്‍പ് ഒരേ സ്പോണ്‍സറുടെതന്നെ മറ്റു പ്രോജക്ടുകളിലേക്കു മാറാന്‍ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. പുതിയ നിയമ പ്രകാരം ഗവണ്‍മെന്റ് പ്രോജക്ട് വീസയില്‍ ജോലി ചെയ്യുന്നവര്‍ പ്രോജക്ട് പൂര്‍ത്തിയാക്കുകയോ നിലവിലെ പ്രോജക്ടില്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുകയോ ചെയ്ത പക്ഷം സ്പോണ്‍സറുടെ അനുവാദത്തോടെ മറ്റു സ്വകാര്യ പ്രോജക്ട് ഉള്‍പ്പെടെയുള്ളവയിലേക്ക് ഇഖാമ മാറ്റാം. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്കും പ്രോജക്ട് നടത്തിപ്പുകാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ദോസരി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍