മലയാളികള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ജനതയായി മാറുന്നു: ഡോ. ടി.എന്‍. സീമ
Saturday, April 11, 2015 7:00 AM IST
അബുദാബി: ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹമായി മലയാളികള്‍ മാറിയിരിക്കുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.എന്‍. സീമ എംപി അഭിപ്രായപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

മറ്റേതോ നാട്ടില്‍ നിലനിന്നിരുന്നതും മറ്റേതോ കാലത്തുണ്ടായിരുന്നതുമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളീയ കുടുംബങ്ങളിലേക്കു കടന്നുവരാനുണ്ടായ കാരണം ഈ അത്മവിശ്വാസമില്ലായ്മയാണ്. നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മന്ത്രവാദത്തിലേക്കും ദുര്‍മന്ത്ര വാദത്തിലേക്കും നമ്മുടെ സമൂഹം പോയിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നതിയിലും സമ്പൂര്‍ണ സാക്ഷരതയിലും നാം അഭിമാനിക്കുന്ന കേരളത്തില്‍ അഞ്ചു സ്ത്രീകളാണുദുര്‍മന്ത്രവാദം വഴി മരിച്ചതെന്ന് അവര്‍ വിശദീകരിച്ചു.

ഒരു കാലത്ത് സാമൂഹിക മുന്നേറ്റത്തിനുവേണ്ടി നിലനിന്നിരുന്ന സംഘടനകള്‍ ഇന്നു അധികാര വിലപേശലിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ചോദ്യം ചെയ്യാനുള്ള മലയാളികളുടെ കഴിവാണു കേരളത്തിലെ സമൂഹികമാറ്റത്തിനു വഴിവച്ചത്. ചോദ്യം ചോദിക്കുക എന്നാല്‍ ഉത്തരം തേടുക എന്നതാണ്. ഇന്ന് ചോദ്യം ചോദിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ട് അവനവനിലേക്കു ചുരുങ്ങു കയാണ്. അവനവനിലേയ്ക്ക് ചുരുങ്ങുന്ന കമ്പോള സംസ്കാരത്തെ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പോരാട്ടമാണ് ഓരോരുത്തരും നടത്തേണ്ടത്.

രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ ആയുധമാക്കി സ്ത്രീകള്‍ മുന്നേറുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ കഴിയൂ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോ. ടി.എന്‍. സീമ ചൂണ്ടിക്കാട്ടി.

സെന്റര്‍ പ്രസിഡന്റ് എന്‍.വി. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍ സ്വാഗതം പറഞ്ഞു. ദേവിക സുധീന്ദ്രന്‍ അതിഥിയെ പരിചയപ്പെടുത്തി.

തുടര്‍ന്നു നടന്ന മുഖാമുഖത്തില്‍ വിജയലക്ഷ്മി പാലാട്ട്, ഷെമീമ ഒമര്‍, ബിന്ദു ഷോബി, ഈദ്കമല്‍ ഗഫൂര്‍, പ്രിയ ബാലു, നന്ദന മണികണ്ഠന്‍, ഫൈസല്‍ ബാവ, മുഹമ്മദുകുട്ടി, ബാബുരാജ് പിലിക്കോട്, ചന്ദ്രശേഖര്‍, മുഹമ്മദലി, വിനയചന്ദ്രന്‍, മണികണ്ഠന്‍, ഇ.പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സദസിന്റെ അഭ്യര്‍ഥന ടി.എന്‍. സീമ എന്ന സ്വന്തം കവിത അലപിച്ചു. വനിതാ വിഭാഗം ജോ. കണ്‍വീനര്‍ ഷല്‍മ സുരേഷ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള