ഫീസ് വര്‍ധിപ്പിക്കരുതെന്ന നിര്‍ദേശം ഇന്ത്യന്‍ സ്കൂളുകള്‍ നടപ്പാക്കണം: കല കുവൈറ്റ്
Friday, April 10, 2015 6:56 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ സ്കൂള്‍ വര്‍ഷം സ്വകാര്യമേഖലയിലെ സ്കൂളുകളില്‍ ഫീസ് വര്‍ധന നടപ്പാക്കരുതെന്ന കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവു ലംഘിച്ചു നടത്തിയ ഫീസ് വര്‍ധന പിന്‍വലിക്കാന്‍ ഇന്ത്യന്‍ സ്കൂളുകള്‍ തയാറാകണമെന്നു കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍( കല കുവൈറ്റ്) സ്കൂള്‍ അധികൃതരോടാവശ്യപ്പെട്ടു. കുവൈറ്റിലെ ഇരുപതോളം ഇന്ത്യന്‍ സ്കൂളുകളിലായി അമ്പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. മിക്ക കുട്ടികളുടെയും രക്ഷകര്‍ത്താക്കള്‍ ശരാശരി വരുമാനക്കാരുമാണ്. ഇത്തരക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് ഇന്ത്യന്‍ സ്കൂളുകളുടെ നിലപാടുകളില്‍ പലതും.

അധ്യയന വര്‍ഷത്തിനു മുമ്പുതന്നെ പുസ്തകങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കുകയും ആ പുസ്തകങ്ങള്‍ പൊതു വിപണിയില്‍നിന്നു വളരെ കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള അവസരം നല്‍കുക. വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫൊറം വിതരണം സ്കൂളുകള്‍ നിര്‍ത്തലാക്കുകയും സ്കൂളുകള്‍ നല്‍കുന്ന കളര്‍ കോഡനുസരിച്ചു പൊതു വിപണിയില്‍നിന്നു വാങ്ങുന്നതിനുന്നതിന് അനുമതി നല്‍കുക, നിര്‍ധനരായ കുട്ടികള്‍ക്കു ആവശ്യമായ ഫീസ് ഇളവോ സ്കോളര്‍ഷിപ്പോ നല്‍കുക, പതിനൊന്നാം ക്ളാസില്‍ സ്കൂളുകളുടെ ഉയര്‍ന്ന വിജയ ശതമാനം കാണിക്കുന്നതിനുവേണ്ടി കുട്ടികളെ തോല്‍പ്പിച്ച് നിര്‍ബന്ധിത ടിസി നല്‍കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ എംബസിക്ക് നിവേദനം സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ക്കു നല്കണമെന്നും കല കുവൈറ്റ് ഇന്ത്യന്‍ എംബസിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍