ആര്‍എസ്സി സെമിനാര്‍ നടത്തി
Wednesday, April 8, 2015 4:16 AM IST
അബുദാബി: 'ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൌവനം' എന്ന പ്രമേയത്തില്‍ യുവ വികസന വര്‍ഷം എന്ന പേരില്‍ നടക്കുന്ന റിസാല സ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി 'പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ അബുദാബിയില്‍ നടന്ന സെമിനാര്‍ ജന പങ്കാളിത്തം കൊണ്ടും വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.

അബുദാബി മദീന സയിദ് ലുലു പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, പതിച്ചു കിട്ടേണ്ട പൌരത്വവും രാഷ്ടീയ സംവരണവും മനോജ് പുഷ്കര്‍ (ഐഒസിസി), ധന വിനിയോഗത്തിന്റെ കരുതല്‍ എന്നതില്‍ വിനോദ് നമ്പ്യാര്‍ (യുഎഇ എക്സ്ചേഞ്ച്), സാമൂഹിക കുടുംബാവസ്ഥകളിലെ കാവല്‍ എന്നതില്‍ ഷാബു കിളിതട്ടില്‍ (ഹിറ്റ് എഫ്എം), പ്രവാസി സംഘടനകളില്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ അലി അക്ബര്‍ (ആര്‍എസ്സി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു.

പി.സി.കെ ജബാര്‍ കീനോട്ട് അവതരിപ്പിച്ചു. ആര്‍എസ്സി അബുദാബി സോണ്‍ ചെയര്‍മാന്‍ സിദ്ദിക് പൊന്നാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫഹദ് സഖാഫി സ്വാഗതവും സയിദ് വെളിമുക്ക് നന്ദിയും പറഞ്ഞു. ആര്‍എസ്സി ജിസി അംഗം പി.സി.കെ ജബാര്‍ കീനോട്ട് അവതരിപ്പിച്ചു.

യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി ആര്‍എസ്സി ഗള്‍ഫിലുടനീളം 500 കേന്ദ്രങ്ങളില്‍ യൂണിറ്റ് പ്രഭാഷണങ്ങള്‍, സര്‍വേ, സെമിനാറുകള്‍, പ്രഫഷണല്‍ മീറ്റ്, വിചാര സഭ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. യുഎഇ തല സമാപന പരിപാടി 'യുവ വികസന സഭ' എന്ന പേരില്‍ ഏപ്രില്‍ 10 നു ദുബായി മോഡല്‍ സ്കൂളില്‍ നടക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള