ജയന്‍ തിരുമനയ്ക്ക് നവോദയ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Thursday, April 2, 2015 4:19 AM IST
റിയാദ്: നവോദയ - മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് കലാ, സാംസ്കാരിക സന്ധ്യ 3126 - പരിപാടിയില്‍ 'തീപ്പൊട്ടന്‍' എന്ന നാടകം അണിയിച്ചൊരുക്കുന്നതിനായി റിയാദില്‍ കുടുംബസമേതം എത്തിയ പ്രശസ്ത നാടകസംവിധായകന്‍ ജയന്‍ തിരുമനയ്ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ നവോദയ ഭാരവാഹികള്‍ സ്വീകരണം നല്‍കി. റിയാദ് നവോദയയുടെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയുള്ള നാടകാവതരണം ഏപ്രില്‍ 24ന് (വെള്ളി) നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

നവോദയ ഭാരവാഹികളായ ഉദയഭാനു, അന്‍വാസ്, ഷാജിലാല്‍, ജയകുമാര്‍, സുരേഷ് സോമന്‍, ലത്തീഫ്, സുരേഷ്, ദീപാ ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഇതു മൂന്നാം തവണയാണ് ജയന്‍ തിരുമനയുടെ സംവിധാനത്തില്‍ റിയാദില്‍ പ്രഫഷണല്‍ ശൈലയില്‍ നാടകാവതരണം നടക്കുന്നത്. മുന്‍പ് കുഞ്ഞാലി മരയ്ക്കാര്‍, ടിപ്പുസുല്‍ത്താന്‍ എന്നീ നാടകങ്ങള്‍ റിയാദിലെ പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത്തവണ നവോദയ കലാകാരമാര്‍ അണിയിച്ചൊരുക്കുന്ന തീപ്പൊട്ടന്‍ ഏറ്റവും നല്ല നാടകത്തിനുള്‍പ്പെടെ ഏഴു സംസ്ഥാന അവാര്‍ഡുകളും നിരവധി മറ്റ് പുരസ്കാരങ്ങള്‍ നേടിയതും ഇപ്പോഴും കേരളത്തിലെ പൊതുവേദികളില്‍ കോഴിക്കോട് ചിരന്തന തിയറ്റേഴ്സിന്റെ ബാനറില്‍ അവതരിപ്പിക്കപ്പെടുന്നതുമായ നാടകമാണ്. തീപ്പൊട്ടന്‍ എന്ന നാടകത്തിനു പുറമേ നവോദയ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന മറ്റു കലാപരിപാടികളും സാംസ്കാരികസമ്മേളനവും പരാപാടിയുടെ ഭാഗമായി ഉണ്ടാകും.