ഇന്റര്‍-കേളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: യുവധാര അസീസിയ ജേതാക്കള്‍
Monday, March 30, 2015 7:23 AM IST
റിയാദ്: റിയാദിലെ ഫുട്ബോള്‍ പ്രേമികള്‍ക്കു ഹരമായി ഒന്നാമത് ഇന്റര്‍-കേളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്. കേളിയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി കേന്ദ്ര സ്പോര്‍ട്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു കേളി അംഗങ്ങള്‍ക്കു മാത്രമായി ഒരു ദിവസം നീണ്ടുനിന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച്ച എക്സിറ്റ്് 22ലുള്ള സ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ കേളിയുടെ വിവിധ ഏരിയകളില്‍ നിന്നായി എട്ടു ടീമുകള്‍ പങ്കെടുത്തു. നോക്കൌട്ട് രീതിയില്‍ നടന്ന കളിയില്‍ റെഡ് ബോയ്സ് സുലൈ, യുവധാര അസീസിയ എന്നീ ടീമുകളാണു ഫൈനലില്‍ എത്തിയത്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനു യുവധാര അസീസിയ റെഡ് ബോയ്സ് സുലൈയെ പരാജയപ്പെടുത്തി ഒന്നാമത് ഇന്റര്‍-കേളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കപ്പ് സ്വന്തമാക്കി.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കേളി സെക്രട്ടറി റഷീദ് മേലേതില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര സ്പോര്‍ട്സ് വിഭാഗം ചെയര്‍മാന്‍ ഹസന്‍ പുന്നയുര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇസ്മയില്‍ തടായില്‍ സ്വാഗതവും സമദ് ചാത്തോത്ത് നന്ദിയും പറഞ്ഞു.

ടൂര്‍ണമെന്റിലെ ബെസ്റ് പ്ളെയര്‍ ആയി അസീസിയ യുവധാരയുടെ സുഭാഷും ബെസ്റ് ഗോള്‍ കീപ്പറായി യുവധാരയുടെ തന്നെ അഷ്റഫും തെരഞ്ഞെടുക്കപ്പെട്ടു. വളരെ ആവേശകരമായി നടന്ന മത്സരങ്ങളില്‍ ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 16 ഗോളുകളാണു പിറന്നത്. റഫറിമാരായ ഹസന്‍ തിരൂര്‍, മുഹമ്മദ് താരാബായ് കോഴിക്കോട്, സക്കീര്‍ ഹുസൈന്‍ കോഴിക്കോട്, മുഹമ്മദ് റഫീഖ് എന്നിവരാണ് എല്ലാ കളികളും നിയന്ത്രിച്ചത്. കേളി അംഗങ്ങളും റിയാദിലെ ഫുട്ബോള്‍ പ്രേമികളും ഉള്‍പ്പെടെ നിരവധിപേര്‍ മത്സരം വീക്ഷിക്കാനെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍