അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു
Saturday, March 28, 2015 8:31 AM IST
അബുദാബി: ഉയിര്‍പ്പു പെരുന്നാള്‍ വരെ നീണ്ടുനില്‍ക്കുന്ന പീഡാനുഭവാരത്തിനു തുടക്കം കുറിച്ച് ഓശാന പെരുന്നാള്‍ അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആചരിച്ചു.

ആയിരക്കണക്കിനുവിശ്വാസികള്‍ കൈകളില്‍ കുരുത്തോലകള്‍ പിടിച്ചും പൂക്കള്‍ വിതറിയും പുള്ളിക്കു ചുറ്റും നടന്ന പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. ദേവാലയത്തില്‍നിന്നും വാഴ്ത്തി നല്‍കുന്ന കുരുത്തോലകള്‍ വിശ്വാസികള്‍ തങ്ങളുടെ ഭവനങ്ങളില്‍ ഭക്തിയോടെ സൂക്ഷിക്കുകയും അടുത്ത ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ തിരികെ കൊണ്ടുവന്നു തീജ്വാല ശുശ്രൂഷയില്‍ ഒരുക്കുന്ന തീജ്വാലയില്‍ നിക്ഷേപിക്കുകയും ചെയ്യും.

ഓശാന ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. എം.സി മത്തായി മാറാഞ്ചേരില്‍, സഹവികാരി ഫാ. ഷാജന്‍ വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. കത്തീഡ്രല്‍ ട്രസ്റി എ.ജെ ജോയികുട്ടി, സെക്രട്ടറി സ്റീഫന്‍ മല്ലേല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓശാന പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള