കെഎസ്സി പാചക മത്സരം: നീലം മസന്ത്, നിധി പ്രദീഷ്, ഷിജു റഫീഖ് പാചകറാണിമാര്‍
Monday, March 23, 2015 5:08 AM IST
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാചക മത്സരത്തില്‍ നീലം മസാന്ത് (വെജിറ്റേറിയന്‍), നിധി പ്രദീഷ് (നോണ്‍ വെജിറ്റേറിയന്‍), ഷിജു റഫീഖ് (സ്വീറ്റ്സ്) എന്നിവര്‍ ഒന്നാം സമ്മാനാര്‍ഹരായി.

വെജിറ്റേറിയന്‍ വിഭാഗത്തില്‍ സിന്ധു സതീഷ്കുമാര്‍, ഷാനിബ മുഹമ്മദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ റഷീദ ഹസനും ചിത്ര ശ്രീവത്സനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. സ്വീറ്റ്സില്‍ നിധി പ്രദീഷിനും നീലം മസന്തിനുമായിരുന്നു യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍.

സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഒരുക്കിയ പാചക മത്സരത്തില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. പാചകരംഗത്ത് നിരവധി കാലത്തെ വൈദഗ്ധ്യം തെളിയിച്ച പ്രമുഖ നക്ഷത്ര ഹോട്ടലുകളിലെ പാചക വിദഗ്ധരായ സിഞ്ചു (എമിറേറ്റ്സ് പാലസ് ഹോട്ടല്‍), രഞ്ജിത്ത് (യാസ് വൈസ്രോയ്), ജോസ് (യാസ് വൈസ്രോയ്) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

സെന്റര്‍ വനിതാവിഭാഗം കണ്‍വീനര്‍ രമണി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മാനദാന ചടങ്ങില്‍ പ്രമുഖ ടെലിവിഷന്‍ അവതാരക ജുമാന ഖാദിരി മുഖ്യാതിഥിയായിരുന്നു. സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ലീന ഗണേഷ് (ജെമിനി ബില്‍ഡിംഗ് മെറ്റേരിയല്‍സ്), മുഹമ്മദ് ആസിഫ് (ഫ്ളെക്സി ജര്‍മനി ഹോം അപ്ളയന്‍സ്), മുത്തു ദാസ് (റൊമാന വാട്ടര്‍), ഇഖ്ബാല്‍ (സെബാമെഡ്), കുഞ്ഞിമുഹമ്മദ് ഇറക്കിങ്ങല്‍ (എം.കെ. ഗ്രൂപ്പ്) എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രമണി രാജന്‍, ബിന്ദു ഷോബി, പ്രിയ ശശീധരന്‍, ജയന്തി ജയരാജ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള