'ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍' ഓര്‍മയിലേക്ക് മറയുന്നു
Saturday, March 21, 2015 8:28 AM IST
ഫ്രാങ്ക്ഫര്‍ട്ട്: കോടിക്കണക്കിനു ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള പ്രവേശന കവാടമായിരുന്ന 'ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് അന്തിമമായി തീരുമാനിച്ചു.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റു ബ്രൌസറുകളെ തേടിപ്പോകുന്നതുകൊണ്ടാണ് മൈക്രോസോഫ്റ്റ് കമ്പനി ഈ തീരുമാനം എടുത്തത്. ഈ വര്‍ഷം പുറത്തിറക്കുന്ന വിന്‍ഡോസ് 10 നൊടൊപ്പം പുതിയ ബ്രൌസര്‍ മൈക്രോസോഫ്റ്റ് കമ്പനി പുറത്തിറക്കും. പുതിയ ബ്രൌസറിന് മൈക്രോസോഫ്റ്റ് കമ്പനി ഇതുവരെ പേരിട്ടിട്ടില്ല.

1995 ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ പുറത്തിറങ്ങുന്നത്. അക്കാലത്ത് വളരെ പരിമിതമായ ആളുകള്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നുള്ളു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചതോടെ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ഉപഭോക്താക്കളുടെ എണ്ണവും കുതിച്ചുയര്‍ന്നു. ഏതാണ്ട് നൂറുകോടി ആളുകള്‍ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ഉപയോഗിച്ചിരുന്നതായി കണക്കുകള്‍ പറയുന്നു. എന്നാല്‍ 'ഫയര്‍ഫോക്സ്', ഗൂഗിളിന്റെ 'ക്രോം' എന്നീ ബ്രൌസറുകള്‍ വന്നതോടെ മൈക്രോസോഫ്റ്റ് എക്സ്പ്ളോളററുടെ ശനിദശ തുടങ്ങി. വേഗതയും, സുരക്ഷാ പോരായ്മയുമാണ് ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇവ പരിഹരിക്കുന്നതില്‍ മൈക്രോസോഫ്റ്റ് അത്രയധികം വിജയിച്ചില്ല. തല്‍ക്കാലം മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ആശങ്കപ്പെടാനില്ലെന്നും വിന്‍ഡോസ് 10 ഉടനെ വാങ്ങാത്തവര്‍ക്കും ഒരു പരിഹാരം നിര്‍ദ്ദേശിക്കുമെന്നും മൈക്രോസോഫ്റ്റ് യൂറോപ്പ് സിഇഒ ഹെല്‍മുട്ട് പാന്‍കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍