ജര്‍മന്‍ ഊര്‍ജമേഖലയിലെ വമ്പന്‍മാര്‍ക്കു ഹരിതഭീഷണി
Thursday, March 12, 2015 8:22 AM IST
ബര്‍ലിന്‍: ജര്‍മനി ഹരിതോര്‍ജത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതു രാജ്യത്തെ വമ്പന്‍ ഊര്‍ജവിതരണ കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇ.ഓണ്‍, ആര്‍ഡബ്ള്യുഇ എന്നീ കമ്പനികള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന അവസ്ഥയിലാണിപ്പോള്‍.

ജര്‍മനിയുടെ ചരിത്രത്തില്‍ത്തന്നെ ഒരു ഊര്‍ജ വിതരണ കമ്പനി നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ ഇ.ഓണ്‍ കഴിഞ്ഞ വര്‍ഷം നേരിട്ടത്. 2013ല്‍ 2.09 ബില്യന്‍ യൂറോ ലാഭം നേടിയ കമ്പനി 2014ല്‍ 3.16 ബില്യന്‍ യൂറോ നഷ്ടത്തിലായി.

ഹരിതോര്‍ജത്തിലേക്കുള്ള അതിവേഗ മാറ്റത്തിനു പുറമേ സാമ്പത്തിക മാന്ദ്യം കാരണം യൂറോപ്പിലാകമാനം ഇന്ധനത്തിനുള്ള ഡിമാന്‍ഡ് കുറഞ്ഞതും ഈ കമ്പനികളെ പ്രതിസന്ധിയിലാക്കിയെന്നാണു വിലയിരുത്തല്‍.

2010 മുതല്‍ ഊര്‍ജവിപണിയില്‍ നിരക്ക് കുറയുന്ന പ്രവണതയാണു നിലനില്‍ക്കുന്നത്. ഇതിനൊപ്പം, ചെറുകിട കമ്പനികളില്‍നിന്നുള്ള ശക്തമായ മത്സരംകൂടിയായപ്പോള്‍ സ്ഥിതിഗതികള്‍ വമ്പന്‍മാര്‍ക്ക് കൂടുതല്‍ പ്രതികൂലമാകുകയായിരുന്നു. കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നുമൊക്കെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെറുകിട പദ്ധതികളാണ് ഇപ്പോള്‍ ലാഭം കൊയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍