സന്ദര്‍ലാന്‍ഡില്‍ ഇടവകദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു
Wednesday, February 25, 2015 10:09 AM IST
സന്ദര്‍ലാന്‍ഡ്: സന്ദര്‍ലാന്‍ഡിന്റെ ആത്മീയ ജീവിതത്തില്‍ എന്നും മാറ്റങ്ങള്‍ക്കായി നിലകൊണ്ടിരുന്ന മലയാളി കത്തോലിക്കാസമൂഹം സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ സാന്നിധ്യവും സഹകരണവുംകൊണ്ട്, ആരാധനയിലും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി എന്നും എല്ലാകാലത്തും നിറഞ്ഞുനിന്നിരുന്നു. സാംസ്കാരിക വിശ്വാസ പൈതൃകത്തെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഫെബ്രുവരി 21 ന് (ശനി) പരിഷ് ഡേ ആയി ആചരിച്ച സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കാ സമൂഹം സഭയോടും സംസ്കൃതിയോടുമുള്ള തങ്ങളുടെ കൂറും ആദരവും ഏറ്റുപറഞ്ഞു.

രാവിലെ 10 നു തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലും ഫാ. സാജുവും മുഖ്യ കാര്‍മികത്ത്വം വഹിച്ചു. തുടര്‍ന്നുനടന്ന ബൈബിള്‍ ക്വിസില്‍ ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകളുടെ സജീവവും ആവേശവുമായ പങ്കാളിത്തത്താല്‍ സമ്പന്നമായി. ആവേശകരമായ കുട്ടികളുടെ ക്വിസില്‍ വിജയികളായ സെന്റ് ജോസഫ്സ് ഫാമിലി ഗ്രൂപ്പിന് മനോജ് ആന്‍ഡ് ഫാമിലി സ്പോണ്‍സര്‍ ചെയ്ത മിസിസ് ആന്‍ഡ് മിസ്റര്‍ തോമസ് പാലക്കല്‍ മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സ്ഥാനക്കാരായ സെന്റ് ഫ്രാന്‍സിസ് ഫാമിലി ഗ്രൂപ്പിന് എംസിസി സന്ദര്‍ലാന്‍ഡിന്റെ ട്രോഫിയും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ടോജി ആന്‍ഡ് ഫാമിലി സ്പോണ്‍സര്‍ ചെയ്ത ട്രോഫി സെന്റ് അല്‍ഫോന്‍സ ഫാമിലി യുണിറ്റിനും രണ്ടാം സ്ഥാനക്കാരായ സെന്റ് ജോസഫ്സ് ഫാമിലി ഗ്രൂപ്പിന് എംസിസി സന്ദര്‍ലാന്‍ഡിന്റെ ട്രോഫിയും മറ്റു സമ്മാനങ്ങളും സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. മൈക്കിള്‍ മക്കോയി വിതരണം ചെയ്തു. ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി സൌഹൃദ സംഗമവും സ്നേഹവിരുന്നും നടന്നു. ആത്മീയ ജീവിതത്തിന്റെ ഉയരങ്ങള്‍ താണ്ടുന്ന സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കാസമൂഹത്തിന് നേതൃത്വം നല്‍കുന്നത് ഫാ. സജി തോട്ടത്തിലാണ്.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്