ലീഡ്സ് ഗേള്‍ ടീന്‍സ് കൌണ്‍സിലിംഗ് നടത്തി
Wednesday, February 25, 2015 10:08 AM IST
ജിദ്ദ: ലീഡ്സ് കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് നടത്തിയ കൌണ്‍സിലിംഗ്, ചുമരുകളും ചുറ്റുപാടും സമൂഹവും തടവറകള്‍ തീര്‍ത്ത കുമാരിമാര്‍ക്ക് മനസു തുറക്കാന്‍ ഒരു നല്ല അവസരം സൃഷ്ടിച്ചു.

കിംഗ് ഫൈസല്‍ ആശുപത്രിയിലെ സ്പെഷല്‍ ട്രെയിനര്‍ അസീന ഇര്‍ഷാദു കുട്ടികളുമായി ഒറ്റക്കിരുന്നു അവരുടെ ഒരു ലോകം തീര്‍ത്തപ്പോള്‍ മനസു തുറന്ന കുട്ടികള്‍ അവരനുഭവിക്കുന്ന നിരവധി കാര്യങ്ങള്‍ പങ്കുവച്ചതായി അവര്‍ അറിയിച്ചു. കുട്ടികള്‍ ചുറ്റുപാടുകളില്‍ നിന്നും ധാരാളം ഭീഷണി നേരിടുന്നെന്നും ചില സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അവസാനം ഇറങ്ങുന്ന കുട്ടികളെ ചുറ്റിക്കറക്കി വൈകിക്കല്‍ പതിവാണെന്നും വീട്ടില്‍ വരുന്ന അടുത്ത ബന്ധുക്കളില്‍ നിന്നു പോലും ചില ശൃംഗാര പ്രകടനങ്ങള്‍ ഉണ്ടാവാറുണ്െടന്നും കുട്ടികള്‍ പറഞ്ഞു. ഇതിനെയെല്ലാം നേരിടാന്‍ മാനസിക സ്വ സുരക്ഷ നേടി, സ്വയം സുരക്ഷ ഉറപ്പു വരുത്തുകയും സ്വയം ശക്തരാണെന്ന് മനസിലുറപ്പിച്ചു ആത്മ വിശ്വാസം നേടണമെമെന്നും അവര്‍ കുട്ടികളെ ഉദാഹരണങ്ങളിലൂടെ പഠിപ്പിച്ചു. പ്രായ പൂര്‍ത്തിയിലേക്കെത്തിയ കുട്ടികള്‍ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങള്‍ അവര്‍ കുട്ടികളുമായി പങ്കുവച്ചു.

പരീക്ഷാ സമയത്തെ വ്യാകുലതയും ആകുലതയും മാനസിക സംഘര്‍ഷവും അകറ്റി പഠന രീതികള്‍ എളുപ്പമാക്കിയാല്‍ വിഷാദ രോഗം തൊട്ടു തീണ്ടലല്ലെന്നും പഠനം എളുപ്പമാക്കാനുള്ള പല വഴികള്‍ അവതരിപ്പിച്ചുകൊണ്ടു ഡോ. ഇസ്മായില്‍ മരിതേരി പറഞ്ഞു. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദിന ചര്യകള്‍ പാകപ്പെടുത്തിയാല്‍ ഭാവി ജീവിതം സമ്പുഷ്ടമാക്കാമെന്നും ഏതു പ്രതിസന്ധിയും മറി കടക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മാര്‍ച്ച് ആറിന് കൌസിലിംഗിന്റെ രണ്ടാം സെഷന്‍ നടക്കും. സീനത്ത് യതി, ഹസീന റഷീദ്, ലിജിയ ബാനു സലാം, കദീജാ ഇസ്മായില്‍ നീറാട് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍