മലബാര്‍ മഹോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെഡിഎന്‍എ
Tuesday, February 24, 2015 8:16 AM IST
കുവൈറ്റ്: കുവൈറ്റ് ദേശീയ വിമോചനദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) സംഘടിപ്പിക്കുന്ന നാലാമത് മലബാര്‍ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

'കല്ലായിക്കടവ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി ഫെബ്രുവരി 27ന് അബാസിയ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കുന്ന വേദിയില്‍ രാവിലെ ഒമ്പതു മുതല്‍ നടക്കും. പരിപാടിയില്‍ കുവൈറ്റിലെയും കേരളത്തില്‍നിന്നു നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. മലബാറിന്റെ സാംസ്കാരിക പൈതൃകവും രുചി ഭേദങ്ങളും കലാപരിപാടികളും പ്രവാസ ഭൂമികയില്‍ അനുഭവ വേദ്യമാക്കുന്ന മലബാര്‍ മഹോത്സവത്തില്‍ മൈലാഞ്ചി, പാചകം, ഫേസ് പെയിന്റിംഗ്, ഫാന്‍സി ഡ്രസ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

27നു രാവിലെ 9.30ന് ആരംഭിക്കുന്ന മലബാര്‍ മഹോല്‍സവത്തില്‍ മൈലാഞ്ചി മത്സരം. 10ന് ഫെയിസ് പെയിന്റിംഗ് മത്സരം, 10.30ന് പ്രച്ഛന്നവേഷമത്സരവും വനിതകള്‍ക്കായി 12.30നു പാചകമത്സരവും നടക്കും. ബിരിയാണിയിലാണു പാചകമത്സരം നടക്കുക.

ഇറാക്ക് അധിനിവേശത്തിന്റെ ദുരന്തചിത്രങ്ങള്‍ വ്യക്തമാക്കുന്ന പോസ്റര്‍ പ്രദര്‍ശനവും വേദിയില്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. കുവൈറ്റ് മെലഡീസ് അവതരിപ്പിക്കുന്ന മെഹഫില്‍, ബോറ ബാന്‍ഡ്സംഘം അവതരിപ്പിക്കുന്ന ബാന്‍ഡ് വാദ്യം എന്നിവ പരിപാടികള്‍ക്കു കൊഴുപ്പേകും. വൈകുന്നേരം നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ ഐവി ശശി ചടങ്ങില്‍ മുഖ്യാഥിതി ആയി പങ്കെടുക്കും. കെഡിഎന്‍എ അംഗങ്ങളുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കു ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് വര്‍ത്തമാന സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചാലിച്ച് മറിമായത്തിലൂടെയും മീഡിയ വണ്‍ ചാനലിലൂടെയും ജനഹൃദയങ്ങള്‍ കീഴടക്കിയ എം 80 മൂസയും പാത്തുവും (വിനോദ് കോവൂര്‍, സുരഭി) അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും കുവൈറ്റിലെ പ്രമുഖ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തരൂപങ്ങളും കെഡിഎന്‍എ അംഗങ്ങളുടെ മക്കള്‍ അവതരിപ്പിക്കുന്ന ഒപ്പനയും അരങ്ങേറും. രാത്രി എട്ടു മുതല്‍ പ്രശസ്ത പിന്നണി ഗായകരായ അഫ്സല്‍, അഖില ആനന്ദ്, പ്രീതി വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള നടക്കും. കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി നടത്തി വരുന്ന മലബാര്‍ മഹോത്സവം കുവൈറ്റില്‍ നടക്കുന്ന ഏറ്റവും വലിയ മഹാമേളകളിലൊന്നാണ്. കെഡിഎന്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണമാണു മലബാര്‍ മഹോത്സവത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം മലബാറിന്റെ തനത് രുചിക്കൂട്ടുകളും കോഴിക്കോടിന്റെ സാംസ്കാരിക വിസ്മയങ്ങളും കുവൈറ്റില്‍ പുനഃസൃഷ്ടിച്ച് മുഴുവന്‍ പ്രവാസികള്‍ക്കും അത് അനുഭവ വേദ്യമാക്കുക എന്നതും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.

അസീസ് തിക്കോടി. (പ്രസിഡന്റ്), സത്യന്‍ വരൂണ്ട (ജനറല്‍ സെക്രട്ടറി), സുരേഷ് മാത്തൂര്‍ (ചെയര്‍മാന്‍, സ്വാഗത സംഘം), എം.എം. സുബൈര്‍ (ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം), സഹീര്‍ ആലക്കല്‍ (ട്രഷറര്‍), റാഫി കല്ലായി (മീഡിയ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍