പ്രഥമ കെഐബിസി ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
Tuesday, February 24, 2015 8:16 AM IST
കുവൈറ്റ്: വിവിധ രാജ്യങ്ങളില്‍ നിന്നായി 65ഓളം പ്രതിഭകള്‍ മാറ്റുരച്ച പ്രഥമ കെഐബിസി സുപ്രീം ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു സമാപനമായി. പ്രഫഷണല്‍, അഡ്വാന്‍സ്ഡ് കാറ്റഗറികളായി തിരിച്ചാണു മത്സരങ്ങള്‍ നടന്നത്.

കുവൈറ്റിലെ നാലോളം പ്രമുഖ ക്ളബുകളിലെ കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. പ്രഫഷണല്‍ വിഭാഗത്തില്‍ പരാജയമറിയാതെ അനായാസമായി ബാസ്റിന്‍ ജയിംസ് ആന്‍ഡ് ഹനീഫ ലത്തീഫ് സഖ്യം കിരീടം ചൂടി. ആവേശകരമായ ഫൈനലില്‍ ബദര്‍-ജബാര്‍ സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. അഡ്വാന്‍സ്ഡ് കാറ്റഗറിയില്‍ നടന്ന കലാശക്കളിയില്‍ ഇന്തോനേഷ്യന്‍ സഖ്യമായ നുറോഹിം ആന്‍ഡ് കര്‍ജാന്‍ കടുത്ത പോരാട്ടത്തിനോടുവില്‍ മുഹമ്മദ് ഗുതുസ് ആന്‍ഡ് മുറാദ് നിയാസിനെ സഖ്യത്തെ മറികടക്കുകയായിരുന്നു.

നാല് പൂളുകളിലായി 20 ഓളം ടീമുകളാണ് അഡ്വാന്‍സ്ഡ് കാറ്റഗറിയില്‍ മത്സരിച്ചത്. പൂളില്‍നിന്നു കൂടുതല്‍ പോയിന്റ് ലഭിച്ച രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ എത്തുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും സെമിയിലെത്തിയ നുറോഹിം ആന്‍ഡ് കര്‍ജാന്‍, ആക്കിസ് ആന്‍ഡ് സമ്പൂര്‍ണ, മുഹമ്മദ് ഗുതുസ് ആന്‍ഡ് മുറാദ്, ജോബി ആന്‍ഡ് ഡോണ്‍ എന്നീ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുകയും കലാശ പോരാട്ടത്തിനു മുഹമ്മദ് ഗുതുസ് ആന്‍ഡ് മുറാദ് നിയാസ്, നുറോഹിം ആന്‍ഡ് കര്‍ജാന്‍ എന്നീ ടീമുകള്‍ അര്‍ഹത നേടുകയുമായിരുന്നു. ആക്കിസ് ആന്‍ഡ് സമ്പൂര്‍ണ, ജോബി ആന്‍ഡ് ഡോണ്‍ സഖ്യങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

കുവൈറ്റിലെ പ്രമുഖ ടീമുകള്‍ ഉള്‍പ്പെട്ട പ്രഫഷണല്‍ കാറ്റഗറിയില്‍ 12 ടീമുകള്‍ പങ്കെടുത്തു. രണ്ടു പൂളിലായി നടന്ന മത്സരത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ നാലു ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ബാസ്റിന്‍ ജയിംസ് ആന്‍ഡ് ഹനീഫ ലത്തീഫ്, നന്നാംഗ് ആന്‍ഡ് ആന്റോ, ബദര്‍ ജബാര്‍ , യാഷിന്‍ ആന്‍ഡ് സെറിന്‍ സഖ്യങ്ങള്‍ സെമിയിലെത്തുകയുമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബാസ്റിന്‍-ലത്തീഫ്, ബദര്‍-ജബ്ബാര്‍ സഖ്യങ്ങള്‍ കലാശപ്പോരാട്ടത്തിനും നന്നാംഗ് ആന്‍ഡ് ആന്റോ, യാഷിന്‍ ആന്‍ഡ് സെറിന്‍ സഖ്യങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തിനും അര്‍ഹത നേടി.

വിജയികള്‍ക്ക് അജിയാല്‍ സ്പോര്‍ട്സ് ക്ളബ് മേധാവി അബ്ദുള്ള മുഹമ്മദ് അല്‍ ഹുദൈബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അല്‍ ജാല്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയും സുപ്രീം കാര്‍ഗോയുമാണു മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. ഗോപി, കിസ്മത്ത്, ജാലിയ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍