പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ കുഴഞ്ഞു വീണു മരിച്ചു
Monday, February 23, 2015 10:03 AM IST
ജിദ്ദ: പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു. തുമ്പമണ്‍ വലിയപള്ളിക്കു സമീപം ശ്രീനിലയത്തില്‍ കുട്ടപ്പക്കുറുപ്പിന്റെ മകന്‍ രവികുമാര്‍ (53) ആണു കന്തറയിലെ താമസസ്ഥലത്തിനു സമീപം കുഴഞ്ഞു വീണു മരിച്ചത്. ഫെബ്രുവരി 21ന് (ശനി) വൈകുന്നേരമാണു സംഭവം.

വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ വഴിയില്‍ കുഴഞ്ഞുവീണ രവികുമാറിനെ വഴിയാത്രക്കാര്‍ അടുത്തുള്ള ക്ളിനിക്കില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

25 വര്‍ഷമായി സൌദിയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച രവികുമാര്‍. മക്കളായ സുരാജ്, സൌരവ് എന്നിവര്‍ നാട്ടിലാണു പഠിക്കുന്നത്. സൌദിയില്‍ സ്ഥിരതാമസ വീസയുള്ള ഇവര്‍ ഞായറാഴ്ച എത്താനിരിക്കേയാണ് അച്ഛന്റെ മരണം. മരണത്തെത്തുടര്‍ന്ന് ഇരുവരും യാത്ര റദ്ദാക്കി.

രവികുമാറിന്റെ ഭാര്യ സുധ ജിദ്ദയില്‍നിന്ന് 700 കിലോമീറ്റര്‍ തെക്കുള്ള ഖമിസ്മുഷയിദിലെ ആശുപത്രിയില സ്റാഫ് നഴ്സാണ്. ഇപ്പോള്‍ ജിദ്ദ ക്ളിനിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകും. അനന്തര നടപടികളില്‍ സാമൂഹ്യപ്രവര്‍ത്തകരായ ചെറിയാന്‍ ജോര്‍ജ്, ദേവദാസ് മേനോന്‍, കെ.ടി.എ. മുനീര്‍, ഷിബു തിരുവനന്തപുരം, അലി തെക്കുതോട്, വര്‍ഗീസ് ഡാനിയല്‍, നൌഷാദ് അടൂര്‍, അനില്‍ കുമാര്‍ പത്തനംതിട്ട തുടങ്ങിയവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍