എം.എ. അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ചു
Wednesday, February 18, 2015 8:21 AM IST
ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാസര്‍ഗോഡ് ജാമിഅ സഅദിയ സ്ഥാപകനും മദ്രസ പ്രസ്ഥാനത്തിന്റെ ശില്പിയുമായിരുന്ന എം.എ. അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ ഐസിഎഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. കേരള പണ്ഡിതര്‍ക്കിടയില്‍ ഉതമായ സ്ഥാനം വഹിച്ച് സമൂഹത്തിനു വഴികാട്ടിയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണെന്നു യോഗം അനുസ്മരിച്ചു.

1946 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗത്വമുണ്ടായിരുന്ന അദ്ദേഹം സമസ്ത കേരള ഇസ്ലാമിക വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപക പ്രസിഡന്റ്, അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, സമസ്ത കേരള സുന്നീ യുവജന സംഘം പ്രസിഡന്റ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ഥാപക നേതാവ് തുടങ്ങി വിവിധ നിലകളില്‍ സേവനം സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങളുമായി ജാമിഅ സാദിയ അറബിക് കോളജില്‍ ദര്‍സ് നടത്തി ഇസ്ലാമിക വിജ്ഞാനം പകര്‍ന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം സാമൂഹിക വൈജ്ഞാനികരംഗത്ത് തീരാനഷ്ടമാണെന്നു യോഗം വിലയിരുത്തി.

പ്രായാധിക്യം വകവയ്ക്കാതെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പുവരെ പൊതുപരിപാടികളില്‍ സംബന്ധിച്ചിരുന്നു. അവസാനമായി ഹജ്ജിനെത്തിയ അദ്ദേഹം ഇസ്ലാമിക പ്രബോധനരംഗത്ത് യുവാക്കള്‍ സജീവമാകണമെ ഉപദേശത്തോടു കൂടിയാണ് ജിദ്ദയിലെ സുന്നി പ്രവര്‍ത്തകരോടു വിട പറഞ്ഞത്. സയിദ് ഹബീബ് അല്‍ബുഖാരി, മുഅ്യിദ്ദീന്‍ സഅദി കൊടൂക്കര, അബ്ദുള്‍ റഹ്മാന്‍ മളാഹിരി, മുസ്തഫാ സഅദി, വണ്ടൂര്‍ അബ്ദുള്‍ റഹീം, സയിദ് സൈനുദ്ദീന്‍ ആബിദീന്‍ തങ്ങള്‍, ശാഫി മുസ്ലിയാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുജീബ് എആര്‍ നഗര്‍ സ്വാഗതം പറഞ്ഞു.

എം.എ. അബ്ദുള്‍ ഖാദര്‍ മുസ്ലിയാരുടെ വിയോഗം മുസ്ലിം കൈരളിക്കു
തന്നെ തീരാ നഷ്ടമാണെന്ന് കഉഇ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഒരു പുരുഷായുസു മുഴുവന്‍ ദീനി പ്രചാരണത്തിനും ദീനിസേവനത്തിനും ഉഴിഞ്ഞുവച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹം. മദ്രസ പ്രസ്ഥാനത്തിലൂടെ അനേകായിരം കുരുന്നുകള്‍ക്കു ദീനി വിദ്യ ലഭിക്കാന്‍ അദ്ദേഹം കാരണമായി. സ്റേജുകളില്‍ നിന്നും സ്റേജുകളിലേക്ക് മതപ്രഭാഷണവുമായി നിരന്തരം യാത്ര ചെയ്തപ്പോഴും അദ്ദേഹത്തിന്റെ തൂലികയില്‍നിന്നു കനപ്പെട്ട ഗ്രന്ഥങ്ങള്‍ കൈരളിക്കു ലഭിക്കുകയുണ്ടായി. പാണ്ഡിത്യത്തിന്റെ ഔന്നിത്യങ്ങളില്‍ തിളങ്ങി നിന്നപ്പോഴും വളരെ ലളിത ജീവിതത്തിലൂടെ ഏതൊരു സാധാരണക്കാരനും മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടേതെന്നു സെക്രട്ടറിയേറ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാസര്‍ഗോഡ് ജാമിഅ സഅദിയ സ്ഥാപകനും മദ്രസ പ്രസ്ഥാനത്തിന്റെ അമരക്കാരനായി എം.എ അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ വിയോഗത്തില്‍ ഐസിഎഫ് മിഡില്‍ ഈസ്റ് കമ്മിറ്റി അശോചിച്ചു. സയിദ് ആറ്റക്കോയ തങ്ങള്‍, മുജീബ് എ.ആര്‍. നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍