'ദാമ്പത്യത്തിന്റെ മാധുര്യം സുദൃഢമാക്കാന്‍ പ്രതീക്ഷകള്‍ നിറവേറ്റികൊടുക്കണം'
Wednesday, February 18, 2015 8:16 AM IST
കുവൈറ്റ്: സംഘര്‍ഷങ്ങളില്‍നിന്നു മുക്തനായി ദാമ്പത്യത്തിന്റെ മാധുര്യം നിലനിര്‍ത്താന്‍ പരസ്പരം യുക്തിയോടെയും ബുദ്ധിപൂര്‍വവും സഹവസിക്കേണ്ടതാണുെം ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രതീക്ഷകള്‍ തിരിച്ചറിഞ്ഞ് ഇരുവരും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ ജീവിതം കൂടുതല്‍ ആനന്ദകരമാക്കാനാകുമെന്നും പ്രമുഖ കൌണ്‍സലറും എഴുത്തുകാരനുമായ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് സൂചിപ്പിച്ചു. 'ദാമ്പത്യത്തിന്റെ മനഃശാസ്ത്ര തലം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജലീബിലെ ഐഐസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദമ്പതികള്‍ നന്മയുടെ റോള്‍മോഡലായി നിലകൊള്ളുന്നതിലൂടെ വരും തലമുറയ്ക്കു ചുവടുകള്‍ ശക്തിപ്പെടുത്താനാകും. വൈവാഹികജീവിതത്തിന്റെ അര്‍ഥതലത്തിലേക്ക് എത്തിക്കാവുന്ന വിജ്ഞാനശാഖകള്‍ പാഠപുസ്തകളില്‍ ഇന്നും അപര്യാപ്തമായി തുടരുകയാണ്. സമയാസമയങ്ങളില്‍ ലഭിക്കേണ്ട അറിവുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട മേഖലകളില്‍ കാര്യമായി ഇടപെടലുകള്‍ ആവശ്യമായിരിക്കുകയാണ്.

മത സാംസ്കാരിക മേഖലകളില്‍ ചെയ്തുവരുന്ന വലിയ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഉപഹാരം ഐഐസി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് മദനി ഹാഫിസ് മുഹമ്മദിന് നല്‍കി. പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുള്‍ വഹാബ്, ഇബ്രാഹിം കുട്ടി സലഫി എന്നിവര്‍ പ്രസംഗിച്ചു. നിഹാല്‍ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍