ഗോകുലം ഗോപാലനെ അധിക്ഷേപിച്ചത് അപലപനീയം: തോമസ് ചാണ്ടി എംഎല്‍എ
Monday, February 16, 2015 8:20 AM IST
കുവൈറ്റ്: വി.എം. സുധീരനെതിരേ ആഞ്ഞടിച്ച് തോമസ് ചാണ്ടി എംഎല്‍എ. ബാര്‍ ഹോട്ടല്‍ നടത്തുന്നു എന്ന പേരില്‍ മെഡിക്കല്‍ കോളജടക്കം നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ പരസ്യമായി അധിക്ഷേപിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇന്നു സാമ്പത്തികമായി പിടിച്ചു നില്‍ക്കുന്നതു പ്രവാസി മലയാളികളുടെയും ടൂറിസം മേഖലയുടേയും വരുമാനംകൊണ്ടു മാത്രമാണ്. തലതിരിഞ്ഞ മദ്യനയം കാരണം ടൂറിസം മേഖല തകര്‍ച്ചയുടെ വക്കിലാണെന്നും ക്ളാസിഫൈഡ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ രക്ഷാധികാരികൂടിയായ തോമസ് ചാണ്ടി പറഞ്ഞു.

വികലമായ മദ്യനയം മൂലം ടൂറിസംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണെന്നും ഇതിനൊക്കെ കാരണം ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത സുധീരനാണെന്നും തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ദിഖ് വലിയകത്ത്