ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റിനു പുതിയ ഭാരവാഹികള്‍
Monday, February 16, 2015 8:08 AM IST
കുവൈറ്റ്: കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫെബ്രുവരി ആറിനു(വെള്ളി) സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമാന്‍ ബ്രാഞ്ചില്‍ നടന്നു.

യോഗത്തില്‍ പുതിയ ഭാരവാഹികളായി എം.പി. ജിതേഷ് (പ്രസിഡന്റ്), ബിജു ആന്റണി (ജനറല്‍ സെക്രട്ടറി), കെ.പി. പ്രശാന്ത് (ട്രഷറര്‍), ടി.വി. സാബു (ജോ. ട്രഷറര്‍), കെ.കെ. ഷൈമേഷ് (വൈസ് പ്രസിഡന്റ്), പി.കെ. രമേഷ് (ചാരിറ്റി), പി. ശശികുമാര്‍ (മെംബര്‍ഷിപ്പ്), എം.എന്‍. സലിം (ആര്‍ട്സ്), വിജയകുമാര്‍ (സ്പോര്‍ട്സ്), സേവ്യര്‍ ആന്റണി (ഓഫീസ് അഡ്മിന്‍) എന്നിവരെ വിവിധ സെക്രട്ടറിമാരായും യോഗം തെരഞ്ഞെടുത്തു.

ചാരിറ്റി സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് കെ. ഓമനകുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ ഷൈമേഷ് സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വി വിജേഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കുമ്പോള്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, പ്രവാസി ക്ഷേമവകുപ്പിന്‍ കീഴില്‍ മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കു കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പില്‍ വരുത്തുക, നഴ്സിംഗ് മേഖലയില്‍ അടക്കം ഗള്‍ഫ് റിക്രൂട്ടിംഗ് മേഖലയിലെ സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചു മനുഷ്യക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍, സന്തോഷ്കുമാര്‍, ഷാജി കടയപ്രത്ത് എന്നിവര്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഫോക്ക് രക്ഷാധികാരികളായ എന്‍. ജയശങ്കര്‍, ജി.വി. മോഹനന്‍, വനിതാവേദി ചെയര്‍പേഴ്സണ്‍ ബിന്ദു രാജീവ് ബാലവേദി കണ്‍വീനര്‍ ശ്യാംജിത് മനോജ്, വിവിധ യൂണിറ്റ് പ്രധിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. പ്രസിഡന്റ് എം.പി. ജിതേഷ് മറുപടി പ്രസംഗവും ജനറല്‍ സെക്രട്ടറി ബിജു ആന്റണി നന്ദിയും പറഞ്ഞു. പ്രവീണ്‍ അടുത്തില, ബി.പി. സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ഷിക സമ്മേളനം നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍