സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയുക: കല കുവൈറ്റ് സെമിനാര്‍
Monday, February 9, 2015 8:06 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ ഇരുണ്ട കാലത്തിന്റെ യുഗത്തിലേക്ക് കൊണ്ടുപോകുവാനും കടുത്ത വര്‍ഗീയതും വിഭാഗീയതയും സൃഷ്ട്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) സംഘടിപ്പിച്ച 'ഘര്‍വാപ്പസിയുടെ രാഷ്ട്രീയം' സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ രാജ്യ തലസ്ഥാനത്തും മറ്റുമായി നടന്നുകൊണ്ടിരിക്കുന്ന ആരാധനാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പുന:മത പരിവര്‍ത്തനവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയാനും അതിനെതിരെ അണിനിരക്കാനും എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും മനുഷ്യസ്നേഹികളും തയാറാകണമെന്നും സെമിനാര്‍ അഭ്യര്‍ഥിച്ചു.

ഫഹഹീല്‍ കലാ സെന്ററിലാണ് പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.അജിത് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ സാരഥികളായ അഡ്വ.തോമസ് പണിക്കര്‍, രാജീവ്ജോണ്‍, ബഷീര്‍ ബാത്ത, എന്‍. അജിത്കുമാര്‍, നിയാസ് ഇസ്ലാഹി, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍