അയര്‍ലന്‍ഡ് ശൈത്യത്തിന്റെ പിടിയില്‍; മഞ്ഞുവീഴ്ച കനത്തു
Friday, January 30, 2015 10:09 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡ് ശൈത്യത്തിന്റെ പിടിയിലമര്‍ന്നു. മഞ്ഞുവീഴ്ച കനത്ത പ്രദേശങ്ങളില്‍ ജനജീവിതം ദുസഹമായി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് മഞ്ഞുവീഴ്ച ശക്തമായത്. ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും താറുമാറായി. കാവന്‍, മോനഗന്‍, മേയോ തുടങ്ങിയ പ്രദേശങ്ങളിലാണു മഞ്ഞുവീഴ്ച കനത്തത്. ഇവിടെ അയ്യായിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു.

മഞ്ഞുവീഴ്ചയ്ക്കൊപ്പം കനത്ത കാറ്റും ഒട്ടേറെ നാശം വിതച്ചു. ഡോണിഗല്‍, സ്ളൈഗോ, ലെറ്റര്‍കിെ, ലീട്രിം, ക്ളെയര്‍, വിക്ളോ, ഡബ്ളിന്‍ തുടങ്ങിയ ഇടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. പലയിടങ്ങളിലും താപനില മൈനസ് നാല് ഡിഗ്രിയിലേക്കു വരെ താഴ്ന്നു.

വാഹനമോടിക്കുന്നവര്‍ ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വാരാന്ത്യത്തിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണു കാലാവസ്ഥാകേന്ദ്രം നല്‍കുന്ന മുറിയിപ്പ്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍