'ഇന്ധന വില: കേര്‍പറേറ്റുകളും സര്‍ക്കാരുകളും ജനങ്ങളെ കൊള്ളയടിക്കുന്നു'
Sunday, January 25, 2015 11:17 AM IST
ദോഹ: ആഗോള വിപണിയില്‍ ഇന്ധനവില മുമ്പുണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെയായി കുറഞ്ഞിട്ടും അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു പിഡിപി സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അഭിപ്രായപ്പെട്ടു. പിസിഎഫ് സംഘടിപ്പിച്ച പ്രവര്‍ത്തകസംഗമം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള വിപണിവിലയ്ക്ക് ആനുപാതികമായി വില കുറയ്ക്കാന്‍ തയാറാകാതെ കേര്‍പ്പറേറ്റ് കുത്തകകള്‍ തുച്ഛമായ വിലക്കുറവ് വരുത്തുമ്പോള്‍ അതു ജനങ്ങളില്‍ എത്താതിരിക്കാന്‍ നികുതി വര്‍ധിപ്പിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. ഇന്ധന വില കുറവിന്റെ പശ്ചാതലത്തില്‍ വിമാന നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും കേരളത്തിലെ ബസ് ചാര്‍ജ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും വര്‍ക്കല രാജ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ പ്രസ്ഥാനങ്ങള്‍ ജനജീവിതം ദുഃസഹമാക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പ്പോലെയാണു പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ഇടയാക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിന്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതകവും അക്രമങ്ങളും അപലപനീയമാണെന്നു പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാഫര്‍ അലി ദാരിമി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

സല്‍വ റോഡിനടുത്തുള്ള ഗ്രീന്‍സ് റസ്ററന്റില്‍ നടന്ന പ്രവര്‍ത്തകസംഗമത്തില്‍ സമദ് കാഞ്ഞീര അധ്യക്ഷത വഹിച്ചു. ആരിഫ് തിക്കോടി സ്വാഗതം പറഞ്ഞു. നൌഷദ്, മൊയ്നുദീന്‍ വെളിയംകോട്, നിസാര്‍ കൊല്ലം, അസീസ് കുറ്റിപ്പുറം, ശിഹാബ് ആലപ്പുഴ, മുനീര്‍ അകലാട്, ബഷീര്‍ നാദാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷറഫ് അയിരൂര്‍ നന്ദി പറഞ്ഞു.