പ്രകടനം മലര്‍വാടി മെഗാ ക്വിസ്; എം.കെ അമീന, റിദ റഹ്മാന്‍ ജേതാക്കള്‍
Wednesday, January 14, 2015 10:16 AM IST
ജിദ്ദ: കേരളത്തിന്റെ ചരിത്രവും സംസ്കാരവും കലയും രാഷ്ട്രീയവും പ്രവാസലോകത്തെ കുട്ടികള്‍ക്ക് മനസിലാക്കികൊടുക്കുക എന്ന ഉദ്ദേശത്തോടെ മലര്‍വാടി അഖില സൌദിതലത്തില്‍ ആറു മാസക്കാലമായി സംഘടിപ്പിച്ചു വരുന്ന 'എന്റെ നാട് എന്റെ സ്വന്തം നാട്' എന്ന തലക്കെട്ടിലുള്ള പ്രോജക്ടിന്റെ അവസാനഘട്ട മത്സരമായ 'പ്രകടനം' മെഗാ ക്വിസ് ജിദ്ദ മേഖലാ മല്‍സരത്തില്‍ എം.കെ അമീന (ജൂണിയര്‍), റിദ റഹ്മാന്‍ (സബ് ജൂണിയര്‍) എന്നിവര്‍ ജേതാക്കളായി.

ഈസ്റ് സുലൈമാനിയയിലെ ദുറ കോമ്പൌണ്ടില്‍ നടന്ന പരിപാടി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ് ഉദ്ഘാടനം ചെയ്തു. പ്രവാസി ജിദ്ദ വൈസ് പ്രസിഡന്റ് ഇസ്മയില്‍ കല്ലായി പ്രസംഗിച്ചു.

കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ വെക്കേഷന്‍ കാലത്ത് കുട്ടികള്‍ക്ക് നല്‍കിയ കേരളത്തെ സംബന്ധിച്ച വ്യത്യസ്ത പ്രോജക്ട് സമര്‍പ്പണമത്സരമായ പ്രയത്നത്തിലൂടെയാണ് ഈ പ്രക്രിയക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് രണ്ടാം ഘട്ടം നടന്ന 'പ്രയാണം' എഴുത്ത് പരീക്ഷയില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ ജൂണിയര്‍ വിഭാഗത്തിലെ പത്തും സബ് ജൂണിയര്‍ വിഭാഗത്തിലെ എട്ടും വിദ്യാര്‍ഥികളാണ് 'പ്രകടനം' മെഗാ ക്വിസില്‍ മാറ്റുരച്ചത്. മുഖാമുഖം, ദര്‍ശനം, ശ്രാവ്യം, തിരനോട്ടം, ഉരുളക്കുപ്പേരി, പങ്കാളിത്തം എന്നിങ്ങനെ ആറു വിഭാഗങ്ങളായി തിരിച്ച് തികച്ചും ആകര്‍ഷണീയമായിട്ടാണ് ലൈവ് ക്വിസ് നടന്നത്. ജൂണിയര്‍ വിഭാഗം ക്വിസിന് നിയാസ് കുറ്റ്യാടിയും സബ് ജൂണിയര്‍ വിഭാഗം ക്വിസിന് വി.കെ. ഷമീം ഇസുദ്ധീനും നേതൃത്വം നല്‍കി.

ക്വിസ് മത്സരത്തോടനുബന്ധിച്ചു മലര്‍വാടി കലാവിഭാഗം കുട്ടികള്‍ കേരളത്തിന്റെ കലാ, സംസ്കാരിക പശ്ചാത്തലത്തില്‍ അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ്, സംഗീത ശില്‍പ്പം, വഞ്ചിപ്പാട്ട്, കൊഴ്ത്തു പാട്ട്, സംഘ നൃത്തം, ഒപ്പന, ചിത്രീകരണം തുടങ്ങിയ കലാപരിപാടികളും നടന്നു.

സാംസ്കാരിക സമ്മേളനം അല്‍ വുറൂദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി അഖില സൌദി രക്ഷാധികാരി സി.കെ. മുഹമ്മദ് നജീബ് മുഖ്യ പ്രഭാഷണം നടത്തി. തനിമ ജിദ്ദ നോര്‍ത്ത് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ അലി ആശംസകള്‍ നേര്‍ന്നു. സനാഇയ്യ കാള്‍ ആന്‍ഡ് ഗൈഡന്‍സ് ഓഫീസര്‍ ബാബൈകര്‍, മലയാള വിഭാഗം മേധാവി ഉണ്ണീന്‍ മൌലവി, തനിമ ജിദ്ദ സൌത്ത് സോണ്‍ പ്രസിഡന്റ് സഫറുള്ള മുല്ലോളി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സാജിദ് പാറക്കല്‍ സ്വാഗതവും അസിസ്റന്റ് കണ്‍വീനര്‍ പി.പി ഹൈദറലി നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് സി.എച്ച്. ബഷീര്‍, ടി.എം. അബ്ദുള്‍ അസീസ്, സലിം എടയൂര്‍, ഒ.പി സലീല്‍, കെ.കെ നിസാര്‍, സി.എച്ച് റാഷിദ്, എന്‍.കെ. അഷ്റഫ്, നെഹാറുദ്ദീന്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഹബൂബ് പത്തപ്പിരിയം, സി.എച്ച് അബ്ദുള്‍ റഹീം എന്നിവര്‍ അവതാരകയായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍