കേരള എന്‍ജിനിയേഴ്സ് ഫോറം നടത്തുന്ന 'ഭാവിയിലേക്കൊരു വീട്' കാമ്പയിന്‍ ജനുവരി 30ന്
Wednesday, January 14, 2015 6:22 AM IST
ജിദ്ദ: കേരള എന്‍ജിനിയേഴ്സ് ഫോറം ജിദ്ദയിലെ മലയാളികള്‍ക്കായി സാമൂഹിക പ്രസക്തവും പ്രവാസ സമൂഹത്തിന് ഉപയോഗപ്രദവുമായ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജനുവരി 30ന് (വെള്ളി) ആറിന് സീസണ്‍സ് റസ്ററന്റിലാണ് സെമിനാര്‍. 'ഭാവിയിലേക്കൊരു വീട്' എന്ന തലക്കെട്ടില്‍ നടത്തുന്ന സെമിനാറില്‍ വീട് എന്ന സ്വപ്നസാക്ഷാത്കാരത്തിനിടയില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന വിഷയങ്ങള്‍ സംബന്ധിച്ച് ആധുനിക സാങ്കേതികവിദ്യയുടെയും പ്രായോഗിക പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. സെമിനാറില്‍ 'നമുക്കൊതുങ്ങിയ വീട്' എന്ന വിഷയത്തെക്കുറിച്ച് മുഹമ്മദ് കുഞ്ഞിയും 'വൈദ്യുതി ദൌര്‍ലഭ്യം' നിലക്കാത്ത ഊര്‍ജസ്ത്രോതസില്‍ നിന്ന് സോളാര്‍ വൈദ്യുതി എന്ന വിഷയത്തെക്കുറിച്ച് കെഇഎഫ് പ്രസിഡന്റ് ഡോ. രാം കുമാര്‍, ബിജു ടി. ചാക്കോ എന്നിവരും ക്ളാസുകള്‍ നയിക്കും.

ജിദ്ദയിലെ മലയാളി സംഘടനാ പ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്കാരിക നേതാക്കള്‍ക്കും മുന്നില്‍ പരിചയപ്പെടുത്തുന്ന വിഷയം പിന്നീട് വിവിധ സംഘടനകള്‍ വഴി എല്ലാവരിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരള എന്‍ജിനീയേഴ്സ് ഫോറം (കെഇഎഫ്) രൂപീകൃതമായത് 1997ലാണ്. മലയാളി എന്‍ജിനീയര്‍മാര്‍ക്ക് സാങ്കേതിക വിവരങ്ങളുടെ ആശയ വിനിമയത്തിനും സൌദിയിലെ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകളുമായി പരിചയപ്പെടുത്തുന്നതിനും വേണ്ടി ഒരു പൊതുവേദി എന്ന നിലയിലാണ് സംഘടന രൂപീകൃതമായത്. കഴിഞ്ഞ വര്‍ഷം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ എന്‍ജിനിയറിംഗ് കോഴ്സുകളെ പരിചയപ്പെടുത്തുന്ന 'എന്‍ജിനിയറിംഗ് യുവര്‍ ഫ്യുച്ചര്‍' എന്ന സെമിനാര്‍ നടത്തിയിരുന്നു. അതിന്റെ ലക്ഷ്യങ്ങള്‍ നല്ല രീതിയില്‍ ഉപകാരപ്പെട്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജിദ്ദയില്‍ വസിക്കുന്ന പ്രവാസി മലയാളി സമൂഹത്തിനു സാങ്കേതിക വിവരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ് വീട് എന്നത്. തന്റെ ബജറ്റിനു അനുസരിച്ച ഒരു വീട് നിര്‍മിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്, അതോടൊപ്പം ഈ രംഗത്തുള്ള ചതിക്കുഴികള്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്നിവയെകുറിച്ചുള്ള അവബോധം എന്നിവയെല്ലാം സെമിനാറില്‍ പരാമര്‍ശിക്കും. സംസ്ഥാനത്തൊട്ടാകെ വൈദ്യുതിയുടെ ലഭ്യതക്കുറവ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സോളാര്‍ എനര്‍ജിയുടെ നേട്ടം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് വരെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടാതെ എന്‍ജിനീയറിംഗ് സംബന്ധമായ കാര്യങ്ങളില്‍ ഒരു ഫ്രീ കണ്‍സള്‍ട്ടിംഗ് സര്‍വീസ് സെല്ലും പരിപാടിയില്‍ ഉദ്ഘാടനം ചെയ്യപ്പെടും. പ്രവാസി മലയാളികള്‍ക്ക് എന്‍ജിനിയറിംഗ് സംബന്ധമായ കാര്യങ്ങളില്‍ അടിസ്ഥാനതലത്തില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് നടത്തുമെന്നും തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണ് തങ്ങളെ അതിന് പ്രേരിപ്പിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.

കെഇഎഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ഉപദേശക സമിതി അംഗവുമായ ഇഖ്ബാല്‍ പൊക്കുന്ന്, ജനറല്‍ സെക്രട്ടറി ഷിയാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ബൈജു, അബ്ദുള്‍ റഷീദ്, ബിജു ചാക്കോ, മുഹമ്മദ് കുഞ്ഞി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍